ചാഹലിന് കോലി നല്‍കാനിരിക്കുന്ന സമ്മാനം; അതിന് പിന്നിലൊരു കാരണമുണ്ട്

First Published 14, Mar 2018, 6:46 PM IST
Virat Kohli wants to gift Yuzvendra Chahal
Highlights

കോലിയോട് വാച്ച് സമ്മാനമായി നല്‍കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ടീമിലെ ഏതെങ്കിലും ഒരു താരത്തെ തെരഞ്ഞെടുക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു. രണ്ടാമതൊന്നാലോചിക്കാതെ കോലി തെരഞ്ഞെടുത്തത് ചാഹലിന്റെ പേരായിരുന്നു.

ബംഗലൂരു: എതിരാളികളെ കറക്കി വീഴ്‌ത്തുന്നതില്‍ ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക താരമാണ് ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. കുല്‍ദീപ് യാദവുമൊത്ത് ചാഹല്‍ ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയപ്പോള്‍ പിറന്നത് പുതിയ ചരിത്രമായിരുന്നു. ആദ്യമായി ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന, ട്വന്റി-20 പരമ്പരകള്‍ നേടി. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലാണ് ചാഹല്‍ എതിരാളികള്‍ ഭയക്കുന്ന ബൗളറായി മാറിയത്. ഐപിഎല്ലില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സ് താരമായ ചാഹലിന്റെ കരിയര്‍ വഴിതിരിച്ചുവിട്ടതും കോലിയായിരുന്നു.

അടുത്തിടെ ഒരു പ്രമുഖ വാച്ച് ബ്രാന്‍ഡിന്റെ പ്രചാരണ പരിപിടിയില്‍ പങ്കെടുത്ത വിരാട് കോലിയോട് വാച്ച് സമ്മാനമായി നല്‍കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ടീമിലെ ഏതെങ്കിലും ഒരു താരത്തെ തെരഞ്ഞെടുക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു. രണ്ടാമതൊന്നാലോചിക്കാതെ കോലി തെരഞ്ഞെടുത്തത് ചാഹലിന്റെ പേരായിരുന്നു.

അതിന് കോലി പറഞ്ഞൊരു കാരണം കൂടിയുണ്ട്. എപ്പോഴും വൈകിയെത്തുന്ന കളിക്കാരനാണ് ചാഹല്‍. അതുകൊണ്ടുതന്നെ സമയത്തിന്റെ വില അറിയാന്‍ വാച്ച് അത്യാവശ്യമായി വേണ്ടതും ചാഹലിനാണ്. എന്നാല്‍ സാധാരണ വാച്ചുകള്‍ ചാഹലിന്റെ കൈയിലിട്ടാല്‍ ഊരിപോകുമെന്നതിനാല്‍ റബ്ബര്‍ സ്ട്രാപ്പ് ഉള്ള വാച്ചായിരിക്കും താന്‍ സമ്മാനമായി നല്‍കുകയെന്നും കോലി തമാശയായി പറഞ്ഞു. ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് വിശ്രമം ലഭിച്ചത് അനുഗ്രഹമായെന്നും ഐപിഎല്ലില്‍ കൂടുതല്‍ ഉണര്‍വോടെ കളിക്കാനാകുമെന്നും കോലി പറഞ്ഞു.

 

loader