ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‍ക്ക് എതിരെ ടീം ഇന്ത്യയുടെ വിരാട് കോലിക്ക് സെഞ്ച്വറി. 82 പന്തുകളില്‍ നിന്ന് 17 ഫോറുകള്‍ ഉള്‍പ്പടെയാണ് വിരാട് കോലി സെഞ്ച്വറി നേടിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 205 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 27 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‍ടത്തില്‍ 165 റണ്‍സ് എടുത്തിട്ടുണ്ട്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വലിയ സ്‍കോറിലെത്തും മുന്നേ ഓപ്പണര്‍മാരെ നഷ്‍ടപ്പെട്ടിരുന്നു. 18 പന്തുകളില്‍ നിന്ന് രണ്ട് ഫോറുകള്‍ ഉള്‍പ്പടെ 18 റണ്‍സ് എടുത്ത് ധവാനും 13 പന്തുകളില്‍ നിന്ന് മൂന്ന് ഫോറുകള്‍ ഉള്‍പ്പടെ 15 റണ്‍സ് എടുത്ത് രോഹിത് ശര്‍മ്മയും പുറത്തായി. എന്നാല്‍ പിന്നീട് നായകന്‍ വിരാട് കോലിയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് ടീം ഇന്ത്യയുടെ സ്‍കോറിംഗിന് വേഗം കുറയ്‍ക്കാതെ നോക്കുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോലി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഭുവനേശ് കുമാറിന് പകരം ടീമില്‍ അവസരം കിട്ടിയ താക്കൂറിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ദക്ഷിണാഫ്രിക്ക ചെറിയ സ്‍കോറിന് പുറത്താകുകയും ചെയ്‍തു. ദക്ഷിണാഫ്രിക്കയെ ടീം ഇന്ത്യ 46.5 ഓവറില്‍ 204 റണ്‍സിന് ആണ് പുറത്താക്കിയത്.

മോശമല്ലാത്ത തുടക്കം കിട്ടിയ ദക്ഷിണാഫ്രിക്കയെ ആദ്യം ഞെട്ടിച്ചത് താക്കൂര്‍ ആയിരുന്നു. 10 റണ്‍സ് എടുത്തിരുന്ന അംലയാണ് ആദ്യം പുറത്തായത്. വിക്കറ്റ് നഷ്‍ടപ്പെട്ടെങ്കിലും സ്‍കോറിംഗിന് വേഗം കുറയ്‍ക്കാതെ ബാറ്റിംഗ് തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ബാറ്റ്‍സ്‍മാനെയും താക്കൂര്‍ അധികം വൈകാതെ പറഞ്ഞയച്ചു. മര്‍ക്രത്തെയായിരുന്നു താക്കൂര്‍ അടുത്തതായി പുറത്താക്കിയത്. എബി ഡിവില്യേഴ്‍സിനെ പുറത്താക്കി ചാഹലും ദക്ഷിണാഫ്രിക്കയെ വിരിഞ്ഞുകെട്ടി. കിട്ടിയ അവസരം മുതലാക്കി പന്തെറിഞ്ഞ താക്കൂര്‍ നാല് വിക്കറ്റുകള്‍ വീഴ്‍ത്തിയപ്പോള്‍ ചാഹല്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതി നോക്കിയ സോണ്ടോയെയും (54) പുറത്താക്കിയത് ചാഹലാണ്. ഭുംറ രണ്ടു വിക്കറ്റും യാദവും പാണ്ഡ്യയും ഓരോ വിക്കറ്റും സ്വന്തമാക്കി.

ആറ് മത്സരങ്ങളുള്ള പരമ്പരയില്‍ നാല് ജയവുമായി ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.