ആന്റിഗ്വ: കളിമികവുകൊണ്ടും കളിക്കളത്തിന് പുറത്തെ പെരുമാറ്റം കൊണ്ടു ആരാധകരുടെ ഹൃദയം കവരുന്ന താരമാണ് വിരാട് കോഹ്‌ലി. ഇന്ത്യയില്‍ മാത്രമല്ല അങ്ങ് പാക്കിസ്ഥാനിലും ഉണ്ട് കൊഹ്‌ലിക്ക് ആയിരക്കണക്കിന് ആരാധകരുണ്ട്. അവരിലൊരാളാണ് പാക്കിസ്ഥാന്‍ അമ്പയര്‍ അലീം ദാറിന്റെ മകനും ജൂനിയര്‍ ക്രിക്കറ്റ് താരവുമായ ഹസന്‍ ദാര്‍.

കൊഹ്‌ലിയ്ക്കായി ഹസന്‍ ദാര്‍ തയാറാക്കിയ വീഡിയോ സന്ദേശം അലീം ദാര്‍ കൊഹ്‌ലിയെ കാണിച്ചിരുന്നു. ഇതിന് കൊഹ്‌ലി ഫേസ്ബുക്ക് വീഡിയോയിലൂടെ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

’ഹസന്‍ ജി, നിങ്ങളയച്ച വീഡിയോ സന്ദേശം കിട്ടി. വളരെ നന്ദി. കഠിനദ്ധ്വാനവും സമര്‍പ്പണവും ജീവിത വിജയത്തിന് അനിവാര്യമാണ്. ക്രിക്കറ്റില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഠിനമായി പരിശ്രമം ചെയ്യുക. നിങ്ങളില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്, ഏതെങ്കിലും ക്രിക്കറ്റ് ടൂറിനിടയില്‍ നമുക്ക് പരസ്പരം കാണാം. ഞാന്‍ ഒപ്പു വെച്ച ബാറ്റ് എത്രയും വേഗത്തില്‍ അയച്ചു തരാം’’ എന്നായിരുന്നു 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കൊഹ്‌ലി പറയുന്നത്.
ഇന്ത്യാ-വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ അമ്പയറാണ് അലീം ദാര്‍.