ദില്ലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തിയ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും വാനോളം പുകഴ്‌ത്തി വീരേന്ദര്‍ സെവാഗ്. ദക്ഷിണാഫ്രിക്കയില്‍ അവരെ തോല്‍പ്പിക്കുക എന്നത് അത്ര എളുപ്പമല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് വലിയൊരു നേട്ടമാണ്. ഈ പരമ്പരയുടെ കണ്ടെത്തലുകള്‍ എന്നു പറയാവുന്നത് അവര്‍ രണ്ടുപേരാണ്.കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും. ഹര്‍ഭദജന്‍ സിംഗിനും അനില്‍ കുംബ്ലെയ്ക്കും കഴിയാത്തതാണ് അവര്‍ നേടിയതെന്നും ക്രിക്കറ്റ് കി ബാത്ത് എന്ന ടോക് ഷോയില്‍ സെവാഗ് പറഞ്ഞു.

കളി ജയിപ്പിക്കാനറിയാവുന്ന രണ്ട് സ്പിന്നര്‍മാരെ ഇന്ത്യക്ക് കിട്ടുന്നത് ഇതാദ്യമാണ്. നേരത്തെ നമ്മള്‍ ബാറ്റ്സ്മാന്‍മാരെയായിരുന്നു കണ്ടെത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഈ പരമ്പര നേട്ടത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് അവകാശപ്പെട്ടതാണെന്നും സെവാഗ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ കുല്‍ദീപും ചാഹലും ചേര്‍ന്ന് 30 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്.

ആറ് ഏകദിനങ്ങളില്‍ നിന്ന് കുല്‍ദീപ് 16 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചാഹല്‍ 14 വിക്കറ്റാണ് എറിഞ്ഞിട്ടത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ 27 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ റെക്കോര്‍ഡാണ് ഇരുവരും ചേര്‍ന്ന് തകര്‍ത്തത്.