ഏഷ്യാകപ്പിലെ നിലവിലെ മത്സര ഷെഡ്യൂള്‍ അനുസരിച്ച് സെപ്റ്റംബര്‍ 18ന്  ഇന്ത്യ യോഗ്യത നേടി എത്തുന്ന ടീമുമായും 19ന് പാക്കിസ്ഥാനുമായും മത്സരിക്കണം.

ദില്ലി: സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പങ്കെടുക്കരുതെന്ന് മുന്‍താരം വീരേന്ദര്‍ സെവാഗ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ ഒരു ടീമിനുമാവില്ലെന്നും സെവാഗ് പറഞ്ഞു.

തണുത്ത കാലാവസ്ഥയുള്ള ഇംഗ്ലണ്ടില്‍ നടക്കുന്ന ട്വന്റി-20 മത്സരങ്ങള്‍ക്കിടയില്‍പ്പോലും ഒരുദിവസം മുതല്‍ രണ്ടുദിവസം വരെ ഇടവേളയുണ്ടാകാറുണ്ട്. എന്നാല്‍ ദുബായിലെ ചൂടുള്ള കാലാവസ്ഥയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കളിക്കുക എന്നത് എളുപ്പമല്ല. ഇക്കാര്യം കണക്കിലെടുത്ത് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറണമെന്നും സെവാഗ് പറഞ്ഞു.

ഇത്തരത്തില്‍ മോശമായി മത്സരക്രമം നിശ്ചയിച്ചിരിക്കുന്ന ഒരു ടൂര്‍ണമെന്റില്‍ കളിക്കണമെന്ന് ആര്‍ക്കാണ് ഇത്ര നിര്‍ബന്ധമെന്നും സെവാഗ് ചോദിച്ചു. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന മത്സരക്രമം ഇന്ത്യക്കെതിരെ പാക്കിസ്ഥാന് മുന്‍തൂക്കം നല്‍കുന്നതാണെന്നും സെവാഗ് പറഞ്ഞു.

ഏഷ്യാകപ്പിലെ നിലവിലെ മത്സര ഷെഡ്യൂള്‍ അനുസരിച്ച് സെപ്റ്റംബര്‍ 18ന് ഇന്ത്യ യോഗ്യത നേടി എത്തുന്ന ടീമുമായും 19ന് പാക്കിസ്ഥാനുമായും മത്സരിക്കണം. അതേസമയം പാക്കിസ്ഥാനകട്ടെ 16ന് യോഗ്യത നേടിയെത്തുന്ന ടീമുമായി കളി കഴിഞ്ഞാല്‍ 19ന് ഇന്ത്യയുമായെ മത്സരമുള്ളു. ഇതിനെതിരെ ആണ് സെവാഗിന്റെ വിമര്‍ശനം. സെപ്റ്റംബര്‍ ഏഴിനാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന ടെസ്റ്റ് തുടങ്ങുന്നത്.