ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. ഹര്‍ദ്ദിക് പാണ്ഡ്യയുടെ മികച്ച ഫോമും ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, അജിന്‍ക്യ രഹാനെ എന്നിവരുടെ ബാറ്റിങ് മികവുമാണ് ഇന്ത്യയ്‌ക്ക് പരമ്പര ജയം സ്വന്തമാക്കിയത്. എന്നാല്‍ അഞ്ചു കളികളില്‍നിന്ന് 180 റണ്‍സെടുത്ത നായകന്‍ വിരാട് കോലിക്ക് ഒരു സെഞ്ച്വറി പോലും നേടാനായില്ല. മുന്‍ പരമ്പരകളെ അപേക്ഷിച്ച് പ്രതീക്ഷിച്ച പ്രകടനം കോലിയുടെ ബാറ്റില്‍നിന്ന് ഉണ്ടായില്ല. കൊല്‍ക്കത്തയില്‍ 92ന് പുറത്തായതാണ് കോലിയുടെ മികച്ച ബാറ്റിങ് പ്രകടനം. എന്നാല്‍ കോലിയുടെ ബാറ്റിങില്‍ പ്രശ്‌നമില്ലെന്നും നായകനായ ശേഷം ഓരോ കളിയും കോലി മെച്ചപ്പെട്ടുവരികയാണെന്നുമാണ് മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ അഭിപ്രായം. ഒരു ടിവി പരിപാടിയിലാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്. ന്യൂസിലാന്‍ഡിനും ശ്രീലങ്കയ്‌ക്കുമെതിരായ പരമ്പരകളില്‍ കോലി കൂടുതല്‍ റണ്‍സ് നേടുമെന്നും സെവാഗ് പറഞ്ഞു. കോലി ശരിക്കുമൊരു ചാംപ്യന്‍ താരമാണ്. എങ്ങനെ റണ്‍സ് നേടണമെന്ന് അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കണ്ട. വൈകാതെ കോലി സെഞ്ച്വറി നേടുന്നത് കാണാമെന്നും വീരു പറഞ്ഞു. പതിവില്‍നിന്ന് വ്യത്യസ്തമായി തുടക്കത്തിലേ തേര്‍ഡ് മാനിലേക്ക് കൂടുതല്‍ റണ്‍സെടുക്കാന്‍ കോലി ശ്രമിച്ചിരുന്നു. ഇത് വേണ്ടത്ര വിജയം കണ്ടില്ല. ഒരു സിംഗിളിന് വേണ്ടിപ്പോലും വിക്കറ്റ് വലിച്ചെറിയരുതെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എപ്പോഴും പറയുമായിരുന്നുവെന്നും സെവാഗ് പറഞ്ഞു. മോശം പന്തുകള്‍ക്കായി കാത്തിരിക്കണമെന്നും, നല്ല പന്തുകള്‍ ലീവ് ചെയ്യണമെന്നും സച്ചിന്‍ പറഞ്ഞിരുന്ന കാര്യം സെവാഗ് ഓര്‍മ്മപ്പെടുത്തി.