മുംബൈ: കഴിഞ്ഞദിവസം 29-ാം പിറന്നാള്‍ ആഘോഷിച്ച മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയക്ക് സന്തോഷം പകരുന്ന ആശംസയും ഒപ്പം വലിയൊരുവെല്ലുവിളിയും ഒരുമിച്ച് ലഭിച്ചു. രണ്ടും അയച്ചതാകട്ടെ ഇന്ത്യയുടെ എക്കാലത്തെയും വലിയ വെടിക്കെട്ടു ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗും. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 219 റണ്‍സെന്ന തന്റെ പേരിലുള്ള ലോക റെക്കോര്‍ഡ് തിരുത്തി 264 ആക്കി ഉയര്‍ത്തിയ രോഹിത്തിനെ ഓര്‍ത്ത് അഭിമാനം തോന്നുന്നു എന്നായിരുന്നു വീരുവിന്റെ ട്വീറ്റിലെ ആദ്യവരി.

രണ്ടാമത്തെ വരിയിലാണ് രോഹിത്തിനെ സംബന്ധിച്ച വലിയ വെലലുവിളിയും വീരു കുറിച്ചിട്ടത്. ടെസ്റ്റിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്കോറായ തന്റെ പേരിലുളള 319 റണ്‍സിനെ സൂചിപ്പിച്ച് 'അടുത്ത നമ്പര്‍ 319' എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്. ഏകദിനത്തില്‍ വലിയ സ്കോറുകള്‍ നേടിയിട്ടുള്ള രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികളടിച്ച് അരങ്ങേറിയെങ്കിലും പിന്നീട് തുടര്‍ച്ചയായ പരാജയങ്ങളെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായി.

ഏകദിനത്തില്‍ ഡബിള്‍ നേടിയിട്ടുള്ള രോഹിത്തിന് ടെസ്റ്റില്‍ സ്വന്തം പേരില്‍ ഡബിള്‍ സെഞ്ചുറി ഇല്ല. ഏകദിനത്തിലെ വലിയസ്കോറുകളുടെ തമ്പുരാന്‍ ടെസ്റ്റില്‍ വലിയ ഇന്നിംഗ്സ് കളിക്കുന്നതില്‍ പരാജയമാകുന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വീരുവിന്റെ വെല്ലുവിളി രോഹിത്തിന് മുന്നില്‍ മഹാമേരുവാവുന്നത്. എന്തായാലും വീരുവിന്റ വെല്ലുവിളി രോഹിത് ഏറ്റെടുക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Scroll to load tweet…