അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തെ വിമര്‍ശിച്ച ട്വീറ്റ് വിവാദമായതിനു പിന്നാലെ മാപ്പ് പറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. കേസുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ മൂന്നു മുസ്ലീം പേരുകൾ പരാമർശിച്ചായിരുന്നു സെവാഗിന്റെ ആദ്യ ട്വീറ്റ്.
ആദിവാസി യുവാവിനെ കൂട്ടക്കൊല ചെയ്തത് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും സെവാഗ് ട്വീറ്റിൽ കുറ്റപ്പെടുത്തി. മധു ഒരു കിലോഗ്രാം അരി മോഷ്ടിച്ചു. ഉബൈദ്, ഹുസൈൻ, അബ്ദുൽകരീം എന്നിവരടങ്ങുന്ന സംഘം ആ പാവം ആദിവാസി യുവാവിനെ തല്ലിക്കൊന്നു. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് പരിഷ്കൃത സമൂഹത്തിന് അപമാനമാണ്- സെവാഗ് ട്വീറ്റ് ചെയ്തു.
ട്വീറ്റ് മാധ്യമങ്ങൾ വാർത്തയാക്കിയതോടെ വിമർശനവുമായി സമൂഹമാധ്യമങ്ങൾ രംഗത്തെത്തി. വര്‍ഗ്ഗീയത കലര്‍ത്തുന്നുവെന്നായിരുന്നു വിമര്‍ശനം. വിവിധ മതക്കാരടക്കം 12 പേർ കേസിൽ അറസ്റ്റിലായിട്ടും മുസ്ലീം പേരുകൾ മാത്രം ട്വീറ്റ് ചെയ്തതും മധുവിനെ മർദിച്ചു സെൽഫിയെടുത്തവരും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നുമായിരുന്നു വിമർശനങ്ങളിൽ ഏറെയും.
വിമര്‍ശനങ്ങള്‍ കത്തികയറിയതിനു പിന്നാലെയാണ് ട്വീറ്റില്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട കുറെ ആളുകളുടെ പേര് വിട്ടുപോയത് തന്റെ തെറ്റാണെന്നും ക്ഷമ ചേദിക്കുന്നുവെന്നും കുറിച്ചുകൊണ്ടുള്ള രണ്ടാമത്തെ ട്വീറ്റ് എത്തിയത്. എന്നാല്‍ സംഭവം വര്‍ഗീയ വല്‍ക്കരിച്ചതല്ലെന്നും സെവാഗ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.
