ഹൈദരാബാദ്: വിരാട് കോലിയുടെ അഭാവത്തിലും ടീം ഇന്ത്യയെ വിന്‍ഡീസിനെതിരായ പരമ്പര ജയത്തിലേക്ക് നയിച്ച രോഹിത് ശര്‍മ്മയുടെ നായകത്വത്തെ പ്രശംസിച്ച് മുന്‍ താരം വിവിഎസ് ലക്ഷ്‌മണ്‍. രോഹിതിന്‍റെ കീഴില്‍ 3-0നാണ് വിന്‍ഡീസിനെ ഇന്ത്യ കീഴടക്കിയത്. രോഹിത് ടീമിനെ അനായാസം നയിച്ചെന്നും ബാറ്റിംഗിലും തിളങ്ങിയതായും മുന്‍ ഇന്ത്യന്‍ താരം നിരീക്ഷിച്ചു. ഹിറ്റ്‌മാന്‍റെ ലക്‌നൗവിലെ സെഞ്ചുറി നൂറ്റാണ്ടിലെ മികച്ച പ്രകടനങ്ങളിലൊന്നാണെന്നും വിവിഎസ് പറഞ്ഞു. 

ടി20 ക്രിക്കറ്റ് വീന്‍ഡീസിന് ഏറെ ഇഷ്ടപ്പെട്ട ഫോര്‍മാറ്റാണ്. ടി20 ലോകകപ്പ് രണ്ട് തവണ നേടി കരീബിയന്‍ സംഘം ഇത് തെളിയിച്ചതുമാണ്. എന്നാല്‍ ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര വിന്‍ഡീസിന് വലിയ നിരാശയായി. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയാണ് ഇന്ത്യയെ 3-0ന്‍റെ പരമ്പര ജയത്തിലേക്ക് നയിച്ചതെന്ന് ഒരു ദേശീയ മാധ്യമത്തിലെഴുതിയ കോളത്തില്‍ ഇതിഹാസ താരം കുറിച്ചു.

പരമ്പരയില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച കുല്‍ദീപ് ദായവിനെയും വിവിഎസ് അഭിനന്ദിച്ചു. ചില വമ്പന്‍ താരങ്ങളുടെ അഭാവത്തിലും യുവരക്തത്താല്‍ വിന്‍ഡീസ് ശക്തരാണ്. എന്നാല്‍ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും വിന്‍ഡീസ് ബാറ്റിംഗ് പരാജയപ്പെട്ടു. ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ സ്‌പിന്‍ചുഴിയില്‍ വീന്‍ഡീസ് വീഴുകയായിരുന്നു. കുല്‍ദീപ് വിശ്രമിച്ച ചെന്നൈ ടി20യിലാണ് വിന്‍ഡീസ് ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവെച്ചത്. എന്നിട്ടും ഒരു വിജയത്തോടെ ഇന്ത്യ വിടാന്‍ വിന്‍ഡീസിനായില്ലെന്നും വിവിഎസ് ലക്ഷ്‌മണ്‍ പറഞ്ഞു.