മെല്‍ബണ്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രശം‌സകള്‍കൊണ്ട് മൂടി ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ടീമിനെ നയിക്കുന്ന കാര്യത്തില്‍ കോലിയുടെ കഴിവ് അനുപമമാണെന്ന് വാര്‍ണര്‍ പറഞ്ഞു. ബാറ്റിങില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെങ്കിലും ടീമിനെ ഒത്തൊരുമയോടെ നയിക്കുന്നതില്‍ കോലി വിജയിച്ചു. കളിയോടുള്ള കോലിയുടെ ആവേശം വളരെ വലുതാണ്. സ്വന്തം ടീമിലെ കളിക്കാരെ നന്നായി പ്രചോദിപ്പിക്കുന്നതില്‍ നായകനെന്ന നിലയില്‍ കോലി വിജയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ള കളിക്കാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ കോലിയ്‌ക്ക് നിര്‍ണായക പങ്കുണ്ടെന്ന് പറയാനാകുമെന്നും വാര്‍ണര്‍ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയില്‍ 4-1ന് തോറ്റെങ്കിലും ഓസീസ് ടീമിനെ എഴുതത്തള്ളാറായിട്ടില്ല. ടീം ശക്തമായി തിരിച്ചുവരുമെന്നും വാര്‍ണര്‍ പറഞ്ഞു.