Asianet News MalayalamAsianet News Malayalam

മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരെ ദില്ലി കോടതിയുടെ വാറണ്ട്

രുദ്ര ബില്‍ഡ്‍വെല്‍ റിയാലിറ്റി പ്രെെവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഗംഭീര്‍. സ്ഥാപനം തട്ടിപ്പ് നടത്തിയെന്ന് പരാതിയില്‍ പറയുന്നത്

warrant against gautham gambhir
Author
Delhi, First Published Dec 19, 2018, 9:42 PM IST

ദില്ലി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഗൗതം ഗംഭീറിനെതിരെ ദില്ലി കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തിയ തട്ടിപ്പിനെ തുടര്‍ന്നാണ് ദില്ലിയിലെ സാകേത് കോടതി കേസെടുത്തത്.

രുദ്ര ബില്‍ഡ്‍വെല്‍ റിയാലിറ്റി പ്രെെവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഗംഭീര്‍. സ്ഥാപനം തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ദില്ലിയില്‍ ഫ്ലാറ്റ് നല്‍കുമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം വഞ്ചിച്ചുവെന്ന് കാണിച്ച് നിരവധി പേരാണ് പരാതിയുമായി രംഗത്ത് വന്നത്.

ഗൗതം ഗംഭീറാണ് അംബാസിഡര്‍ എന്ന് കണ്ടിട്ടാണ് രുദ്ര ഗ്രൂപ്പിന് പണം നല്‍കിയതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. ഇന്ദിരാപുരത്താണ് ഫ്ലാറ്റ് നല്‍കാമെന്ന് പറഞ്ഞാണ് കമ്പനി വഞ്ചിച്ചത്. ഗംഭീറിന്‍റെ ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതിന് ശേഷവും താരം കോടതിയില്‍ ഹാജരാകാന്‍ തയാറായില്ല.

ഇതോടെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് സാകേത് കോടതി ജ‍ഡ്ജിയായ മനീഷ് ഖുരാന പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും ഗംഭീര്‍ കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഈ ദില്ലി താരത്തിന്‍റെ സമ്പാദ്യം.

ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍. ഏകദിന ലോകകപ്പില്‍ 97 റണ്‍സും ടി20 ലോകകപ്പില്‍ 75 റണ്‍സുമെടുത്ത് ടോപ് സ്‌കോററായ ഗംഭീറിന്‍റെ കരുത്തിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. വീരേന്ദര്‍ സെവാഗുമൊത്തുള്ള ഇന്നിംഗ്സുകളാണ് ഗംഭീറിനെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രസിദ്ധനാക്കിയത്. 

Follow Us:
Download App:
  • android
  • ios