ലോകകപ്പ് പ്രവേശം താരങ്ങള്‍ ആഘോഷമാക്കി

ഹരാരെ: നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച അഫ്ഗാനിസ്ഥാന്‍ തുടര്‍ച്ചയായ രണ്ടാം തവണ ഏകദിന ലോകകപ്പിന് യോഗ്യത നേടിയിരുന്നു. അയര്‍ലന്‍റ് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ അഫ്ഗാന്‍ എത്തിപ്പിടിച്ചു. മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍മാരും നായകന്‍ അസ്‌ഗറുമാണ് അഫ്ഗാനെ വിജയത്തിലെത്തിച്ചത്.

ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റ് നേടിയ റാഷിദ് ഖാനും അഫ്ഗാന്‍ വിജയത്തില്‍ നിര്‍ണായകമായി. അഫ്ഗാന്‍ താരങ്ങള്‍ ലോകകപ്പ് പ്രവേശം വന്‍ ആഘോഷത്തോടെയാണ് വരവേറ്റത്. അവസാന ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടി വിജയിച്ചതോടെ അഫ്ഗാന്‍ താരങ്ങള്‍ മതിമറന്ന് ആഘോഷം തുടങ്ങി. മൈതാനം വിട്ട് ഡ്രസിംഗ് റൂമിലും അഫ്ഗാന്‍ താരങ്ങളുടെ ആഘോഷം നീണ്ടു.