വാന്‍ഷായ്: ക്രിക്കറ്റില്‍ ദുരന്ത സമാനമായ അബദ്ധങ്ങള്‍ അനവധി കണ്ടിട്ടുണ്ട്. അനാവശ്യമായി റണൗട്ടാകുന്നതും അനായാസ ക്യാച്ചുകള്‍ വിട്ടുകളയുന്നതും എല്ലാം ഇതില്‍ പെടും. ഇത്തരത്തിലൊരു അബദ്ധമാണ് ഹോങ്കോംങ് ടി20 ചാമ്പ്യന്‍ഷിപ്പില്‍ ഹോങ്കോംങ് ഐസ്‌ലന്‍ഡിന്‍റെ വിക്കറ്റ് കീപ്പര്‍ക്ക് സംഭവിച്ചത്. സിറ്റി കറ്റായ്ക്ക് താരം അനുഷുമാന്‍ രഥിന്‍റെ സ്റ്റംപ് പിഴുതെടുക്കാനുള്ള വിക്കറ്റ് കീപ്പര്‍ സീഷന്‍ അലിയുടെ ശ്രമം ഫലം കണ്ടില്ല.
ഏഴാം ഓവറില്‍ സ്‌പിന്നര്‍ എഹ്സന്‍ ഖാനിന്‍റെ പന്തില്‍ മുന്നോട്ട് കയറി സിക്സടിക്കാനുള്ള അനുഷുമാന്‍ രഥിന്‍റെ ശ്രമം പാളി. പന്ത് ബാറ്റില്‍ ഉരസുകപോലും ചെയ്യാതെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തി. എന്നാല്‍ ബാറ്റ്സ്മാന്‍ ക്രീസില്‍ നിന്ന് വളരെയധികം പുറത്തായിരുന്നിട്ടും സ്റ്റംപ് തെറിപ്പിക്കാന്‍ വിക്കറ്റ് കീപ്പര്‍ സീഷന്‍ അലിക്കായില്ല. മൂന്ന് തവണ അലി ശ്രമിച്ചെങ്കിലും പന്ത് കൈപ്പിടിയിലൊതുങ്ങാതെ വന്നതോടെ കാണികള്‍ക്ക് ചിരിയടക്കാനായില്ല.
