ആരാധകനുമായി കയര്‍ത്ത് വാര്‍ണര്‍ വീണ്ടും വിവാദത്തില്‍

കേപ്‌ടൗണ്‍: വെടിക്കെട്ട് ബാറ്റിംഗ് പോലെ സ്വഭാവത്തിലും അല്‍പം ചൂടനാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഡി കോക്കുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് വാര്‍ണര്‍ കുപ്രസിദ്ധനായിരുന്നു. തുടര്‍ന്ന് ഐസിസിയുടെ അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു വാര്‍ണര്‍. എന്നാല്‍ അതുകൊണ്ടൊന്നും വാര്‍ണറെ പിടിച്ചുകെട്ടാന്‍ കഴിയില്ലെന്ന് പുതിയ സംഭവം തെളിയിക്കുന്നു. 

മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ റബാഡയുടെ പന്തില്‍ പുറത്തായ വാര്‍ണര്‍ ആരാധകനോട് കയര്‍ത്താണ് ഡ്രസിംഗ് റൂമിലേക്ക് കയറിപ്പോയത്. ഗാലറിയില്‍ വെച്ച് ആരാധകന്‍ കളിയാക്കിയതാണ് വാര്‍ണറെ പ്രകോപിപിച്ചത്. ഓസീസ് ടീം സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നാലെ സുരക്ഷാ സേനാ ആരാധകനെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.