ലോകകപ്പ് ട്രോഫി അര്‍ബുദബാധിതയ്ക്ക് കൈമാറി മുന്‍ പാക് ക്രിക്കറ്റര്‍. ലോകകപ്പ് ട്രോഫി പര്യടനത്തിനിടയിലെ കണ്ണുനിറയ്ക്കുന്ന ഈ ദൃശ്യങ്ങള്‍ കാണുക...

ലാഹോര്‍: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ ട്രോഫി പര്യടനം പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 27ന് ദുബായിലെ ഐസിസി ആസ്ഥാനത്തുനിന്ന് ആരംഭിച്ച ട്രോഫി പര്യടനം മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ മുഷ്താഖ് അഹമ്മദാണ് നയിക്കുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ 21 രാജ്യങ്ങള്‍ താണ്ടുന്ന പര്യടനം ഇപ്പോള്‍ പാക്കിസ്ഥാനിലാണുള്ളത്. പാക്കിസ്ഥാനിലെ ട്രോഫി പര്യടനത്തിനിടയില്‍ മുഷ്താഖും സംഘവും ഒരു ആശുപത്രിയില്‍ അര്‍ബുദബാധിതരെ കാണാനെത്തി. 

ലാഹോറിലെ ഷൗക്കത്ത് ഖാനും സ്‌മാരക കാന്‍സര്‍ ആശുപത്രിയിലാണ് ട്രോഫിയുമായി മുഷ്താഖ് എത്തിയത്. ഇവിടെവെച്ച് സാബിഹ എന്ന അര്‍ബുദബാധിതയുടെ കയ്യില്‍ ലോകകപ്പ് ട്രോഫി നല്‍കുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പാക് ഓള്‍റൗണ്ടര്‍ ഷൊയ്ബ് മാലിക്കാണ് തന്‍റെ ഇഷ്ട ക്രിക്കറ്റ് താരമെന്ന് സാബിഹ വീഡിയോയില്‍ വെളിപ്പെടുത്തുന്നു. ട്രോഫി പര്യടനത്തിനിടയില്‍ മാലിക്കുമായി ഫോണില്‍ സാബിഹ സംസാരിക്കുകയും ചെയ്തു. 

Scroll to load tweet…

പാക്കിസ്ഥാന് ശേഷം ബംഗ്ലാദേശും നേപ്പാളും പിന്നിട്ട് ട്രോഫി ഇന്ത്യയിലെത്തും. അടുത്ത വര്‍ഷം മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ് നടക്കുന്നത്.