ഇന്ത്യക്കെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ വിഖ്യാതമായ ബാര്‍മി ആര്‍മിയെ നയിച്ചത് ഒരു അപരനായിരുന്നു

ബര്‍മിംഗ്ഹാം: റഷ്യന്‍ ലോകകപ്പ് കണ്ടവര്‍ക്ക് ഇംഗ്ലീഷ് പരിശീലകന്‍ ഗാരത് സൗത്ത്‌ഗേറ്റിന്‍റെ അപരനെ മറക്കാനാവില്ല. സൗത്ത്‌ഗേറ്റിന്‍റെ കോട്ടും അതേ രൂപവുമായി 'അപരന്‍ സൗത്ത്‌ഗേറ്റ്' ലോകകപ്പ് ആരാധകരിലെ ഹീറോയായി. ആരാണ് യഥാര്‍ത്ഥ സൗത്ത്‌ഗേറ്റ് എന്ന സംശയത്തിലായിരുന്നു അന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ ആരാധകര്‍. ഇപ്പോള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ആ ആരാധകരും ഈ സംശയത്തിലാണ്.

ഇന്ത്യക്കെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ വിഖ്യാതമായ ബാര്‍മി ആര്‍മിയെ നയിച്ചത് സൗത്ത്ഗേറ്റിന്‍റെ അപരനായിരുന്നു. ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലീഷ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന പോലെ മുദ്രാവാക്യങ്ങള്‍, അതേ രൂപം. ഇതൊക്കെ കണ്ടതോടെ കടുത്ത ക്രിക്കറ്റ് പ്രേമികളായ ഇംഗ്ലീഷുകാര്‍ ഒപ്പംകൂടി ആര്‍ത്തുവിളിച്ചു. ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ ഏറെ സന്തോഷിച്ച ആരാധകരില്‍ ഒരാള്‍ ഈ അപരനായിരിക്കാം. 

മുപ്പത്തിയൊന്ന് റണ്‍സിനായിരുന്നു ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്‍റെ ജയം. ഓരോ നിമിഷത്തിലും മത്സരം ആവേശമായപ്പോള്‍ ബാര്‍മി ആര്‍മിയും ആഘോഷിക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ പ്രശ‌സ്തമായ ക്രിക്കറ്റ് ആരാധകക്കൂട്ടമാണ് ബാര്‍മി ആര്‍മി. എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ തിളങ്ങിയ 'സൗത്ത്ഗേറ്റ് അപരന്‍' തന്നെയാണോ ഇയാളെന്ന് വ്യക്തമല്ല.

Scroll to load tweet…