ഓവല്‍: ന്യൂസീലന്‍ഡിലെ മൗണ്ട് മൗഗ്നൂയില്‍ അണ്ടര്‍ 19 ലോകകപ്പിന്‍റെ ആവേശ ഫൈനല്‍. മൂന്ന് തവണ വീതം ലോക കിരീടം ചൂടിയ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് പിന്നിട്ടപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചു. നായകന്‍ പൃഥ്വി ഷായുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ ആഹ്ലാപ്രകടനം തുടങ്ങി. അപ്പോളും പതിവ് മൗനത്തില്‍ കാഴ്ച്ചക്കാരനായി മാത്രമൊതുങ്ങി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.
പൃഥ്വി ഷായും സംഘവും എഴുന്നേറ്റ് നിന്നാണ് പിന്നീടുള്ള ഓരോ റണ്‍സും എണ്ണിയത്. പിന്നെ കാത്തിരിപ്പ് കിരീട നേട്ടത്തില്‍ നിര്‍ണായകമായ മന്‍ജോത് കല്‍റയുടെ അവസ്മരണീയ സെഞ്ചുറിക്കായി. ഒടുവില്‍ സിംഗിളെടുത്ത് കല്‍റ സെഞ്ചുറിയിലേക്ക് ബാറ്റുവീശിയപ്പോള്‍ പൃഥ്വി ഷായും കൂട്ടരും ആഹ്ലാദനൃത്തം ചവിട്ടുകയായിരുന്നു. അവസാനിച്ചില്ല, ബൗണ്ടറി ലൈനിനരികെ ഇനിയുള്ള കാത്തിരിപ്പ് വിജയ റണ്ണിനായി.

ഒടുവില്‍ ഹര്‍വിക് ദേശായിയുടെ ഷോട്ട് ബൗണ്ടറിയെ ചുംമ്പിച്ചപ്പോള്‍ ദ്രാവിഡിന്‍റെ നീലപ്പട ആര്‍ത്തിരമ്പി മൈതാനത്തേക്ക് കുതിച്ചു. കിരീടം കൈപ്പറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്ത് കാണികള്‍ക്കടുത്തെത്തി ആഹ്ലാദം പങ്കിട്ടു. ഇതിനിടയില്‍ ടീമംഗങ്ങള്‍ ചേര്‍ന്ന് സെല്‍ഫിയെടുക്കാനും മറന്നില്ല. ശേഷം, മൈതാനം ചുറ്റി കാണികളെ അഭിവാദ്യം ചെയ്ത് വിജയാരവത്തിന് ഇന്ത്യയുടെ താല്‍കാലിക പര്യവസാനം.

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച് നീലപ്പട ഡ്രസിംഗ് റൂമിലേക്ക് തിരികെനടന്നു. ലോകകപ്പിനായി ന്യൂസിലന്‍ഡിലേക്ക് വണ്ടികയറുമ്പോള്‍ കിരീടം സ്വപ്നം മാത്രമായിരുന്നു. എന്നാല്‍ മടക്കം നാലാം കിരീട നേട്ടമെന്ന ചരിത്രം കുറിച്ചാണ്. അപ്പോളും കൂര്‍മ്മശാലിയായ വന്‍മതില്‍ അമിതാഹ്ലാദമില്ലാതെ ഒപ്പംനടന്നു. താരങ്ങളിലൊരാളായി, താരങ്ങളില്‍ താരമായി...
