ചെന്നൈ: ഐപിഎല്ലില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് മടങ്ങിവരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ചെന്നൈയ്ക്കൊപ്പം 'തല' എംഎസ് ധോണിയുടെ മടങ്ങിവരവും ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ട്. അടുത്തിടെ അവസാനിച്ച നിദാഹസ് ട്രോഫിക്കിടെ വിശ്രമത്തിലായിരുന്ന എംഎസ് ധോണി ചെന്നൈ ടീം ക്യാമ്പില്‍ ചേര്‍ന്നു. 

ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പില്‍ പരിശീലനം നടത്തുന്ന ധോണിയുടെ ദൃശ്യങ്ങള്‍ ടീം അധികൃതര്‍ തന്നെയാണ് ട്വിറ്ററില്‍ പുറത്തുവിട്ടത്. ക്രീസ് വിട്ടിറങ്ങി കൂറ്റന്‍ സിക്സുകള്‍ പറത്തുന്ന പതിവ് ധോണി സ്റ്റൈല്‍ തന്നെയാണ് നെറ്റ്സിലെ പരീശീലനത്തിലും പ്രകടമാകുന്നത്. ഏതായാലും ധോണിയുടെ മടങ്ങിവരവ് പരിശീലനം തുടങ്ങിയപ്പോള്‍ തന്നെ ചെന്നൈ ആരാധകരെ ആവേശത്തിലാക്കിക്കഴിഞ്ഞു. 

നായകനാക്കി എംഎസ് ധോണിയെ 11-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തുകയായിരുന്നു. സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെയും ചെന്നൈ ഇക്കുറി നിലനിര്‍ത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി 159 മത്സരങ്ങള്‍ കളിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ 37.88 ശരാശരിയില്‍ 3561 റണ്‍സ് നേടിയിട്ടുണ്ട്. ഏപ്രില്‍ ഏഴിനാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 11-ാം എഡിഷന് തുടക്കമാകുന്നത്.