ലണ്ടന്‍: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് 12 വര്‍ഷമായെങ്കിലും തന്റെ ഫീല്‍ഡീംഗ് മികവിന് ഒരു കുറവുമില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍ തെളിയിച്ചു. ക്രിക്കറ്റിലെ ഏറ്റവും ഉയരത്തിലുള്ള ക്യാച്ചെടുത്താണ് ഹുസൈന്‍ ഗിന്നസ് ബുക്കില്‍ കയറിയത്. 150 അടി ഉയരത്തില്‍ നിന്ന് ഡ്രോണ്‍ വഴി താഴേക്കിട്ട ക്രിക്കറ്റ് പന്ത് കൈയിലൊതുക്കിയാണ് ഹുസൈന്‍ ഗിന്നസ് റെക്കോര്‍ഡിട്ടത്. വിക്കറ്റ് കീപ്പറുടെ ഗ്ലൗസുകള്‍ ഉപയോഗിച്ചാണ് ഹുസൈന്‍ ക്യാച്ചെടുത്തത്.
മൂന്ന് അവസരങ്ങളായിരുന്നു ഹുസൈന് നല്‍കിയിരുന്നത്. ഇതില്‍ ആദ്യ അവസരത്തില്‍ 100 അടി ഉയരത്തില്‍(31 മീറ്റര്‍)നിന്ന് ബാറ്റ് ക്യാം എന്ന ഡ്രോണ്‍ താഴേക്കിട്ട പന്ത് ഹസൈന്‍ അനായാസം കൈയിലൊതുക്കി. 120 കിലോമീറ്റര്‍ വേഗത്തിലാണ് പന്ത് താഴേക്ക് പതിച്ചത്. രണ്ടാമത്തെ അവസരത്തില്‍ ഹുസൈന്‍ ലക്ഷ്യം ഒന്നുകൂടി ഉയര്‍ത്തി. ഇത്തവണ 150 അടിയാക്കി(46 മീറ്റര്‍). ഉയരത്തില്‍ നിന്ന് അതിവേഗം താഴേക്ക് പതിച്ച പന്ത് അല്‍പം പണിപ്പെട്ടാണെങ്കിലും ഹുസൈന്‍ കൈയിലൊതുക്കി. പന്തിന്റെ വേഗതകൊണ്ട് ഗ്ലൗസിട്ടിട്ടും ഹുസൈന്‍ വേദനകൊണ്ട് പുളഞ്ഞു. എന്നിട്ടും ക്യാച്ച് കൈവിട്ടില്ല.
മൂന്നാമത്തെ അവസരത്തില്‍ ഡ്രോണിന്റെ പരമാവധി ഉയരമായ 400 അടി ആക്കി ഉയര്‍ത്തി. എന്നാല്‍ ഇത്തവണ ഹുസൈന് താഴേക്ക് വീണ പന്തിന്റെ അടുത്തുപോലും എത്താനായില്ല. എങ്കിലും രണ്ടാമത്തെ അവസരത്തില്‍ 150 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിച്ച പന്ത് പിടിച്ചതോടെ ഹുസൈന്‍ ഗിന്നസ് ബുക്കില്‍ കയറിയിരുന്നു. മികച്ച ഫീല്‍ഡറായ ഹുസൈന്‍ ഇംഗ്ലണ്ടിനായി 97 ടെസ്റ്റുകളില്‍ നിന്ന് 107 ക്യാച്ചുകള്‍ കൈയിലൊതുക്കിയിട്ടുണ്ട്.

