മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരം കണ്ട ഏതൊരു ആരാധകന്റെയും മറക്കാത്ത ഒരു ചാന്റുണ്ട്, "മുംബൈ കാ രാജാ- സച്ചിന്‍.... സച്ചിന്‍..." സച്ചിന്‍ ക്രിക്കറ്റിലെ ദൈവമാണ്. എന്നാല്‍ അതിനുമപ്പുറത്താണ് മുംബൈക്കാര്‍ക്ക് സച്ചിനോടുള്ള ആരാധന. മുംബൈയില്‍ ജനിച്ചു വളരുന്ന ഒരു ക്രിക്കറ്റ് താരവും ആദ്യം ഉരുവിടുന്ന പേരും മറ്റാരുടേതുമല്ല.

അവരുടെ എല്ലാവരുടേയുമൊക്കെ ആഗ്രഹമാണ് സച്ചിന്‍ ഒരിക്കല്‍കൂടി തെരുവില്‍ കളിക്കുന്നത് കണ്ടിരുന്നെങ്കിലെന്ന്. അങ്ങനെ ഒരവസരമാണ് ഇന്നലെ മുംബൈക്കാര്‍ക്കുണ്ടായത്. സോഷ്യല്‍ വൈറലാണ് ഒരു വീഡിയോ. സച്ചിന്‍ തെരുവില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത്. മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയും വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

കാറില്‍ നിന്നിറങ്ങി കുറച്ച് സമയം ബാറ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. നഗരത്തിലെ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ക്രിക്കറ്റ് കളിച്ചത്. ഹോട്ടല്‍ ജോലിക്കാര്‍ കൈക്കൊടുത്താണ് സച്ചിനെ സ്വീകരിച്ചത്.   പിന്നീട് പോവാന്‍ സമയത്ത് അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും ഇതിഹാസം മറന്നില്ല. റിപ്പോര്‍ട്ട് പ്രകാരം വിലേ പാര്‍ലെയിലെ ദയാല്‍ദാസ് റോഡിലാണ് സച്ചിന്‍ ക്രിക്കറ്റ് കളിച്ചത്.