ലാഹോര്‍: ക്രിക്കറ്റില്‍ വിസ്മയിപ്പിക്കുന്ന അനവധി ക്യാച്ചുകള്‍ പിറന്നിട്ടുണ്ട്. സാഹസികമായി അല്ലെങ്കില്‍ അവിശ്വസനിയമായി ഫീല്‍ഡറുടെ കൈയില്‍ ഒരു നിമിഷം ഒട്ടിച്ചേരുന്ന ക്യാച്ചുകള്‍. ടി20 ലീഗായ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഉമര്‍ അക്മലെടുത്ത ഒരു ക്യാച്ച് ഇതില്‍ നിന്നെല്ലാം  വേറിട്ടുനില്‍ക്കുന്നതാണ്. ലാഹോര്‍ താരം മുസ്‌താഫിസര്‍ റഹ്‌മാന്‍റെ പന്തില്‍ ഇസ്‌ലാമാബാദ് യുണൈറ്റഡിന്‍റെ ഷദാബ് ഖാനാണ് പുറത്തായത്. 

19.5 ഓവറില്‍ മുസ്‌താഫിസറിന്‍റെ സ്ലോ ബോളില്‍ ഷദാബ് ഖാന്‍ ബൗണ്ടറി ലക്ഷ്യമാക്കി പന്തടിച്ചകറ്റി. എന്നാല്‍ ലോംഗ് ഓണില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഉമര്‍ ഓടിയെത്തി സാഹസികമായി പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. അഞ്ചാറ് തവണ തട്ടിത്തട്ടിയാണ് പന്ത് അക്മല്‍ കൈയിലുറപ്പിച്ചത് എന്നുമാത്രം. ഷദാബിന്‍റെ വിക്കറ്റ് വീഴ്ച്ചയില്‍ ലാഹോര്‍ പരിശീലകന്‍റെ ആഹ്ലാദവും മൈതാനത്ത് ചിരി പടര്‍ത്തി.