മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങി സൂപ്പര്‍ താരം വെയിന്‍ റൂണി. അടുത്ത സീസണില്‍ ഏത് ക്ലബ്ബില്‍ കളിക്കുമെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്ന് റൂണി പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചെങ്കുപ്പായത്തില്‍ വെയിന്‍ റൂണിയെ ഇനി കാണാനായേക്കില്ല . യുണൈറ്റഡ് വിടാന്‍ ഏതാണ്ട് തീരുമാനിച്ചെന്ന സൂചനകളാണ് റൂണി തന്നെ നല്‍കുന്നത്.

ഇംഗ്ലണ്ടിലും പുറത്തുമായി നിരവധി അവസരങ്ങള്‍ തന്നെ തേടിവരുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ കുടുംബത്തോടൊപ്പമിരുന്ന് നിര്‍ണായകമായ തീരുമാനം എടുക്കുമെന്ന് റൂണി വ്യക്തമാക്കി. കളത്തിലിറങ്ങാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന ക്ലബ്ബിലേക്ക് മാറുകയാണ് 31ആം വയസ്സില്‍ തന്റെ ലക്ഷ്യമെന്നും റൂണി പറഞ്ഞു. ചൈനീസ് സൂപ്പര്‍ ലീഗാണ് റൂണിയുടെ മനസ്സിലെന്ന് സൂചനയുണ്ട് ഹോസെ മൗറീന്യോ മാന്‍ യു പരിശീലകനായതിന് ശേഷം ആദ്യ ഇലവനില്‍ നിന്ന് നിരന്തരം തഴയപ്പെട്ടതാണ് ക്ലബ്ബ് വിടാന്‍ റൂണിയെ പ്രേരിപ്പിക്കുന്നത്. 

യുണൈറ്റഡും ആദ്യ ക്ലബ്ബായ എവേര്‍ട്ടനും അല്ലാതെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു ടീമിലും താനുണ്ടാകില്ലെന്നും റൂണി വ്യക്തമാക്കി. യുണൈറ്റഡില്‍ അവസരങ്ങള്‍ കുറഞ്ഞ റൂണിയെ ഇംഗ്ലീഷ് ടീമില്‍ നിന്നും കഴിഞ്ഞ ദിവസം തഴഞ്ഞിരുന്നു.