ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്. ഇരുടീമുകള്‍ അല്ല ഇവിടെ ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. പിച്ചിനെയാണ് അവര്‍ സൂക്ഷ്മതയോടെ നോക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയോട് ഇന്ത്യയെ ചതിച്ചത് പിച്ചാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരാണ് കൂടുതല്‍. ടീം ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ എല്ലാവരുടേയും ശ്രദ്ധ ഇപ്പോള്‍ രണ്ടാം ടെസ്റ്റ് മത്സരത്തിലെ പിച്ച് എങ്ങനെ ആയിരിക്കും എന്നതാണ് ചര്‍ച്ച.
ഇതിന് മറുപടി നല്‍കുകയാണ് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആര്‍ സുധാകര്‍ റാവു. രണ്ടാം ടെസ്റ്റിലെ പിച്ച് സംബന്ധിച്ച് ടീം ഇന്ത്യ മാനേജ്‌മെന്റ് ഇതുവരെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ടീം ഇന്ത്യ ബംഗളൂരില്‍ എത്തിയിട്ടില്ല. പിച്ച് നിര്‍മ്മാണത്തില്‍ എന്തെങ്കിലും നിര്‍ദേശിക്കുമോ എന്ന് അവര്‍ എത്തിയാല്‍ അറിയാം.
മത്സരം അഞ്ച് ദിനം നീണ്ടുനില്‍ക്കാന്‍ സഹായകരമായ പിച്ച് ഒരുക്കാനാണ് ശ്രമം. ടെസ്റ്റ് 2-3 ദിനം കൊണ്ട് അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനാല്‍ പിച്ചില്‍ തുടരെ നനയ്ക്കുന്നുണ്ട്. മത്സരത്തിന് 2-3 ദിനം മുമ്പുവരെ വെള്ളം നനയ്ക്കും.
ആദ്യ രണ്ട് ദിനം ബാറ്റിങ്ങിനും മീഡിയം പേസര്‍മാര്‍ക്കും അനുകൂലമാകും പിച്ച്. അവസാന രണ്ട് ദിനം പന്ത് നന്നായി തിരിയും. അതുപോലുള്ള വിക്കറ്റ് തയ്യാറാക്കാനാണ് ക്യൂറേറ്റര്‍ കെ ശ്രീരാമിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും സുധാകര്‍ റാവു പറഞ്ഞു.
