കൊല്‍ക്കത്ത: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും തിരിച്ചടിക്കാനുള്ള കഴിവും പ്രതിഭയും ഓസീസിനുണ്ടെന്ന് സ്മിത്ത് പറഞ്ഞു. ചെന്നൈയില്‍ ഞങ്ങള്‍ കളിച്ചത് ശരിക്കും ട്വന്റി-20 മത്സരമായിരുന്നു. 50 ഓവര്‍ മത്സരമായിരുന്നെങ്കില്‍ കളിക്കാര്‍ക്ക് നിലയുറപ്പിക്കാനും കൂടുതല്‍ ഷോട്ടുകള്‍ കളിക്കാനും അവസരം ലഭിക്കുമായിരുന്നുവെന്നും സ്മിത്ത് വ്യക്തമാക്കി.

പ്രതിഭാധനരുടെ സംഘമാണ് ഇന്ത്യന്‍ ടീം. എന്നാല്‍ വരും മത്സരങ്ങളില്‍ ആ സംഘത്തെ വെല്ലുവിളിക്കാനുള്ള കഴിവ് ഓസീസിനുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ താന്‍ വെല്ലുവിളി നേരിടുകയാണെന്ന മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും സ്മിത്ത് പറഞ്ഞു. ഞാനങ്ങനെ കരുതുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ അത്ര മോശം കാലത്തിലൂടെയൊന്നുമല്ല ഞാന്‍ കടന്നുുപോവുന്നത്. കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ വിജയം ഞങ്ങള്‍ക്കൊപ്പമല്ലായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ തെറ്റുകള്‍ തിരുത്തി തിരിച്ചുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ചെന്നൈ ഏകദിനത്തില്‍ ധോണിയും പാണ്ഡ്യയും തമ്മിലുള്ള കൂട്ടുകെട്ടാണ് കളി ഞങ്ങളുടെ കൈയില്‍ നിന്ന് തട്ടിയെടുത്തത്. അവരെ പുറത്താക്കാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നു. എന്നാല്‍ വിക്കറ്റ് വീഴ്‌ത്താനായില്ല. ഫിനിഷര്‍ എന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള ധോണി ചെന്നൈയിലും അതാവര്‍ത്തിച്ചതില്‍ അത്ഭുതമില്ല. മുമ്പ് ചെയ്തിരുന്നതുതന്നെയാണ് ധോണി ഇപ്പോഴും ഇന്ത്യന്‍ ടീമിനായി ചെയ്യുന്നതെന്നും സ്മിത്ത് പറഞ്ഞു.