മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ അനില്‍ കുംബ്ലെയുടെ വിളിപ്പേരാണ് ജംബോ. എന്നാല്‍ ആ പേരിട്ടത് ആരാണെന്ന് അധികമാര്‍ക്കും അറിയാത്ത രഹസ്യവും. ഇന്ന് ട്വിറ്ററില്‍ ആരാധകരുമായി സംവദിച്ച കുംബ്ലെ ആ രഹസ്യം തുറന്നു പറഞ്ഞു. നവജ്യോത് സിംഗ് സിദ്ദുവാണ് തനിക്ക് ജംബോ എന്ന പേരിട്ടത്. ദില്ലി ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന ഇറാനി ട്രോഫി മത്സരത്തിനിടെ ആയിരുന്നു അത്. ഞാനെറിഞ്ഞ പന്ത് കുത്തിയ ഉയര്‍ന്നത് കണ്ടപ്പോള്‍ മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിദ്ദു ജംബോ ജെറ്റ് പോലെയുണ്ടല്ലോ എന്ന് തമാശയായി പറഞ്ഞു. പിന്നീട് ലോപിച്ച് ജെറ്റ് പോയി ജംബോ മാത്രമായി. അതിനുശേഷം ടീം അംഗങ്ങളും എന്നെ ജംബോ എന്ന് വിളിക്കാന്‍ തുടങ്ങി.

ക്രിക്കറ്റിലെന്നപോലെ ഫോട്ടോ ഗ്രാഫിയിലുള്ള തന്റെ താല്‍പര്യവും ആരാധകരുമായുള്ള സംവാദത്തില്‍ കുംബ്ലെ തുറന്നു പറഞ്ഞു. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ക്യാമറയും കൈയിലുണ്ടാവുമെന്നും ഇന്ത്യയുടെ വിജയനിമിഷങ്ങള്‍ പകര്‍ത്താനാണിതെന്നും കുംബ്ലെ പറഞ്ഞു.