ദില്ലി: ന്യൂസിലൻഡിനെതിരായ ഒന്നാം ട്വന്‍റി 20 മത്സരത്തിന് ഇന്ത്യ ദില്ലിയിൽ ഇറങ്ങുമ്പോൾ പാകിസ്താൻ ആരാധകരുടെ പിന്തുണ ഇന്ത്യയ്ക്ക്. ദില്ലിയിലെ ഒന്നാം മത്സരം മാത്രമല്ല പരമ്പര ഇന്ത്യ ജയിക്കണമെന്നാണ് പാകിസ്താന് താൽപര്യം. പരമ്പര തന്നെ ഇന്ത്യ തൂത്തുവാരിയാലും പാകിസ്താനാണ് നേട്ടം. പാകിസ്താൻ ഇന്ത്യയെ സപ്പോർട്ട് ചെയ്യാൻ ഒരു കാരണം. 

നിലവിൽ ട്വന്‍റി 20 ടീം റാങ്കിംഗിൽ ന്യൂസിലൻഡാണ് ഒന്നാം സ്ഥാനത്ത്. പാകിസ്താൻ രണ്ടാമതും. ന്യൂസിലന്‍ഡിന് 125ഉം പാകിസ്താന് 124ഉം പോയിന്റുണ്ട്. അ‍ഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ പരമ്പര തൂത്തുവാരിയാലും പരമാവധി 122 പോയിന്‍റ് വരെയേ എത്തൂ. പാകിസ്താന് ഭീഷണിയാകില്ല എന്ന് ചുരുക്കം. അതേസമയം ന്യൂസിലൻഡ് റാങ്കിംഗിൽ താഴേക്ക് പോകുകയും പാകിസ്താന്‍ ഒന്നാം റാങ്കിൽ എത്തുകയും ചെയ്യും. അതും ഇന്ത്യയുടെ ചെലവിൽ.