ലോര്‍ഡ്സ്: ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ സൗരവ് ഗാംഗുലി ഷര്‍ട്ടൂരി വീശിയത് മിതാലി രാജും സംഘവും ആവര്‍ത്തിക്കുന്നത് കാണണമെന്ന് വനിതാ ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ് ട്വീറ്റ് ചെയ്ത ഋഷി കപൂറിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. 2002ലെ നാറ്റ്‌വെസ്റ്റ് ഫൈനലില്‍ ലോര്‍ഡ്സില്‍വെച്ച് ഇംണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ നായകനായിരുന്ന സൗരവ് ഗാംഗുലി നടത്തിയതുപോലുള്ള ആഘോഷ പ്രകടനത്തിനായി താന്‍ കാത്തിരിക്കുന്നു എന്നായിരുന്നു ഋഷി കപൂറിന്റെ ട്വീറ്റ്. ആ ചിത്രവും ട്വീറ്റിനൊപ്പം ഋഷി കപൂര്‍ പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഋഷി കപൂര്‍ ഇന്ത്യന്‍ നായിക മിതാലി രാജിനോട് ജേഴ്‌സി ഊരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന രീതിയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ താരം വിശദീകരണവുമായി രംഗത്തെത്തി. ഋഷി കപൂറിന്റേത് തികച്ചും സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്ന് ആരാധകര്‍ പ്രതികരിച്ചതോടെയാണ് വിശദീകരണവുമായി ഋഷി കപൂര്‍ രംഗത്തെത്തിയത്. ഇന്ത്യ കപ്പ് നേടിയാല്‍ ഗാംഗുലി തന്റെ പ്രകടനം ആവര്‍ത്തിക്കുമോ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും വനിതാ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചല്ലായിരുന്നു പരാമര്‍ശമെന്നും ഋഷി കപൂര്‍ വ്യക്തമാക്കി.
2002 ല്‍ ലോര്‍ഡ്‌സില്‍ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കി കിരീടം നേടിയപ്പോഴാണ് ഗാംഗുലി ഷര്‍ട്ടൂരി ആഹ്ലാദപ്രകടനം നടത്തിയത്. ആന്‍ഡ്ര്യൂ ഫ്ലിന്റോഫ് സമാനമായ രീതിയില്‍ ഇന്ത്യയില്‍വെച്ച് ഇന്ത്യയെ കീഴടക്കിയപ്പോള്‍ ഷര്‍ട്ടൂരി വീശിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു ഗാംഗുലിയുടെ ഷര്‍ട്ടൂരല്‍.
