പോര്‍ട്ട് എലിസബത്ത്: അഞ്ചാം ഏകദിനത്തില്‍ വിജയിച്ച് ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. തകര്‍പ്പന്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയാണ് മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പിയായത്. പരമ്പരയിലേറ്റ വിമര്‍ശനങ്ങളെ അതിര്‍ത്തി കടത്തി പോര്‍ട്ട് എലിസബത്തില്‍ രോഹിത് തകര്‍ത്താടുകയായിരുന്നു. ഏകദിനത്തിലെ 17-ാം സെഞ്ചുറി നേടിയ ഹിറ്റ്മാന്‍ 126 പന്തില്‍ 115 റണ്‍സെടുത്താണ് പുറത്തായത്.

ഏകദിന പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും ദയനീയ പരാജയമായിരുന്ന രോഹിത് ഫോമിലേക്ക് തിരിച്ചെത്തിയത് സെഞ്ചുറിയുടെ തിളക്കും കൂട്ടി. എന്നാല്‍ പരമ്പരയിലെ ആദ്യ സെഞ്ചുറി കണ്ടെത്തിയ രോഹിത് അമിതാഘോഷത്തിന് മുതിര്‍ന്നില്ല. സെഞ്ചുറിയടിച്ച ശേഷം എന്തുകൊണ്ട് ആഹ്ലാദം പ്രകടിപ്പിച്ചില്ല എന്ന ചോദ്യത്തിന് വിവേകപൂര്‍വ്വമായിരുന്നു രോഹിതിന്‍റെ മറുപടി. 

താന്‍ ബാറ്റ് ചെയ്യവേ രണ്ട് താരങ്ങള്‍ റണ്ണൗട്ടായപ്പോള്‍ താനെങ്ങനെ സെഞ്ചുറി ആഘോഷിക്കും എന്നായിരുന്നു ഹിറ്റ്മാന്‍റെ മറുപടി. കോലിയും രഹാനെയുമാണ് രോഹിതുമായുണ്ടായ ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായത്. 54 പന്തില്‍ 36 റണ്‍സ് എടുത്ത് നില്‍ക്കവേ ജെ.പി ഡുമിനിയുടെ നേരിട്ടുള്ള ഏറില്‍ കോലി റണ്ണൗട്ടാവുകയായിരുന്നു. അതേസമയം എട്ട് റണ്‍സെടുത്ത രഹാനെ ക്ലാസന്‍റെ ത്രോയില്‍ പുറത്തായി.