മൊഹാലി: ഇന്ത്യാ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തിനിടെ കമന്ററി ബോക്സില്‍ നടന്നത് രസകരമായ കാഴ്ചകള്‍. ഇന്ത്യന്‍ പേസര്‍മാരായ ഉമേഷ് യാദവിനെയും ഹര്‍ദ്ദീക് പാണ്ഡ്യയെയും കീവീസ് ബാറ്റ്സ്മാന്‍മാര്‍ ഫലപ്രദമായി നേരിട്ടപ്പോള്‍ ഇന്ത്യന്‍ നായകന്‍ ധോനി പന്ത് പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയായ കേദാര്‍ ജാദവിനെ ഏല്‍പിച്ചു. ആദ്യ രണ്ട് ഏകദിനങ്ങളിലും നല്ല രീതിയില്‍ പന്തെറിയുകയും വിക്കറ്റെടുകയും ചെയ്ത ജാദവ് കീവീസിന് തലവേദനയായിരുന്നു.

എന്നാല്‍ ഈ സമയം രവി ശാസ്ത്രിയ്ക്കും സുനില്‍ ഗവാസ്കറിനുമൊപ്പം കമന്ററി ബോക്സില്‍ ഉണ്ടായിരുന്ന മുന്‍ കീവീസ് താരം കൂടിയായ സ്കോട്ട് സ്റ്റൈറിസ് വെറുതെ ഒരു വെല്ലുവിളി നടത്തി. ജാദവ് വിക്കറ്റെടുത്താല്‍ താന്‍ കമന്ററി മതിയാക്കി അടുത്ത ഫ്ലൈറ്റിന് ന്യൂസിലന്‍ഡിലേക്ക് പോകുമെന്നായിരുന്നു സ്റ്റൈറിസിന്റെ വെല്ലുവിളി. ആദ്യ ഓവറില്‍ ജാദവിന് വിക്കറ്റൊന്നും ലഭിച്ചില്ല.

എന്നാല്‍ തന്റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ വിക്കറ്റിന് മുന്നില്‍ കുടുക്കി സ്റ്റൈറിസിന്റെ വായടപ്പിച്ചു. താന്‍ തമാശ പറഞ്ഞാണെന്ന് പറഞ്ഞ് സ്റ്റൈറിസ് തടിതപ്പുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും ജാദവ് വിക്കറ്റെടുത്തതോടെ പറഞ്ഞ വാക്കുപാലിച്ച് കമന്ററി മതിയാക്കി സ്റ്റൈറിസ് കമന്ററി ബോക്സില്‍ നിന്ന് എഴുന്നേറ്റ് പോയി.

മത്സരത്തില്‍ 29 റണ്‍സ് വഴങ്ങി ജാദവ് മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി. പിന്നീട് സ്കോട്ട് സ്റ്റൈറിസ് എവിടെയെന്ന് ട്വിറ്ററിലൂടെ ഒറു ആരാധകന്‍ ചോദിച്ചപ്പോള്‍ ഒളിച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.