ദില്ലി: സച്ചിനൊപ്പം ക്രിക്കറ്റ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന ഓപ്പണിംഗ് ജോഡികളില്‍ ഒരാളാണ് സെവാഗ്. പക്ഷേ സച്ചിന്റെ ജീവചരിത്രം പറയുന്ന സിനിമ സച്ചിന്‍ ; എ ബില്യണ്‍ ഡ്രീംസിന്റെ പ്രീമിയര്‍ ഷോ പലത് നടന്നിട്ടും സെവാഗ് സിനിമ ഇതുവരെ കണ്ടില്ല. കാരണം താരം തന്നെ പറഞ്ഞിരിക്കുകയാണ്. സച്ചിന്‍ പ്രീമിയര്‍ കാണാന്‍ ക്ഷണിച്ചിരുന്നെങ്കിലും ഷോയുടെ സമയത്ത് ഭാര്യ ഹോളിഡേയ്ക്ക് കൂട്ടിക്കൊണ്ടു പോയത്രേ.

 ക്രിക്കറ്റ് ദൈവം പണമിട്ടാല്‍ പ്രസാദിക്കുമെന്നും പക്ഷേ ഭാര്യയുടെ കാര്യം പറയാനാകില്ലെന്നും സെവാഗ് കുറിച്ചു. വിമര്‍ശകര്‍ക്ക് ഉരുളയ്ക്ക് ഉപ്പേരിയുമായി ആരാധകരെ മുഴുവന്‍ പതിവായി രസിപ്പിക്കാറുള്ള സെവാഗ് ട്വീറ്റിലൂടെയാണ് സിനിമ ഇതുവരെ കാണാന്‍ കഴിയാതിരുന്നതിന്‍റെ കാരണവും പറഞ്ഞത്.

'ഗോഡ്ജി സച്ചിന്‍ പ്രീമിയര്‍ കാണാന്‍ എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ ബീവി ജി എന്നെ ഹോളിഡേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ഗോഡ് ജി ഭണ്ഡാരത്തില്‍ പൈസ ഇട്ടാല്‍ പ്രസാദിക്കും. പക്ഷേ ബീവിജി യോ?'- സെവാഗിന്റെ ട്വീറ്റ്.

ട്വീറ്റിനൊപ്പം താരം ഒരു വീഡിയോ മെസേജും ഇട്ടിട്ടുണ്ട്. ഇതില്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലും ഡ്രസ്സിംഗ് റൂമിലും ഇരുന്ന് തികച്ചും സൗജന്യമായി സച്ചിന്‍റെ ബാറ്റിംഗ് അനേകം തവണ കണ്ടിട്ടുള്ളയാളാണ് താനെന്ന് സെവാഗ് പറയുന്നു. എന്തായാലും ഇനി പണം മുടക്കി തന്നെ സിനിമ കാണാനും തീരുമാനിച്ചിരിക്കുകയാണ്. 

ഈ സിനിമ ഇന്ത്യയിലെ എല്ലാവരും കാണുമെന്ന് തനിക്കറിയാമെന്നും കൊച്ചുകുട്ടികള്‍ക്ക് പോലും ഇതുപോലെ പ്രചോദനം വേറൊരിടത്തു നിന്നും കിട്ടില്ലെന്ന് അറിയാമെന്നും സെവാഗ് പറയുന്നു. സിനിമ ഇതിനകം തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്.