മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഏവരുടെയും കണ്ണ് യുവരാജ് സിംഗിലായിരുന്നു. കായികക്ഷമത തെളിയിക്കാനുള്ള യോയ ടെസ്റ്റ് ബെംഗലുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ യുവി പാസായ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കി ലോകകപ്പ് ജേതാവായ യുവിയെ ടീമില്‍ നിന്ന് തഴഞ്ഞു.

യുവരാജിന്‍റെ ഫോമും മത്സരപരിചയക്കുറവുമാണ് വെല്ലുവിളിയായതെന്ന് മുഖ്യ സെലക്ടര്‍ എം.എസ്‌.കെ പ്രസാദ് വ്യക്തമാക്കി. അടുത്തിടെ പഞ്ചാബിനായി ഒരു രഞ്ജി മത്സരം മാത്രമാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ കളിച്ചത്. യുവി യോയ ടെസ്റ്റ് വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും പരിഗണിക്കേണ്ട സാഹചര്യത്തില്‍ യുവിക്ക് ഉറപ്പായും അവസരം നല്‍കുമെന്നും മുഖ്യ സെലക്ടര്‍ വ്യക്തമാക്കി.

യുവരാജ് സിംഗിനൊപ്പം ടീമിലെത്തുമെന്ന് പ്രതീക്ഷിച്ച സുരേഷ് റെയ്നക്കും പരമ്പരയില്‍ അവസരം ലഭിച്ചില്ല. ഇരുവരും നീണ്ട കാത്തിരിപ്പിന് ശേഷമാണ് യോയ ടെസ്റ്റ് പാസായത്. റെയ്ന ഉത്തര്‍പ്രദേശിനായി ഈ സീസണില്‍ നിരവധി രഞ്ജി മത്സരങ്ങള്‍ കളിച്ചെങ്കിലും ഫോമിലെത്താനായിരുന്നില്ല. 12 ഇന്നിംഗ്സുകളില്‍ നിന്ന് 11.66 ശരാശരിയില്‍ വെറും 105 റണ്‍സ് മാത്രമാണ് റെയ്‌നക്ക് നേടാനായത്.