ദില്ലി: ഇന്ത്യ - പാക് മത്സരം നടക്കുന്ന മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോർഡിൽ ആകെ സീറ്റുകള്‍ ഇരുപത്തി അയ്യായിരം. കളി കാണാന്‍ ടിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത് നാല് ലക്ഷത്തിലധികം പേരും. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം പക്ഷേ ഇപ്പോഴും ത്രിശങ്കുവിലാണ്.

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കളിക്കണോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ദില്ലിയിലെ ഒരു ഹോട്ടലില്‍ ചേര്‍ന്ന ബിസിസിഐ ഭരണസമിതി യോഗം, എല്ലാ തീരുമാനവും കേന്ദ്രസർക്കാരിന് വിട്ടു. മത്സരം ഉപേക്ഷിച്ചാല്‍ ഐസിസിയുടെ അച്ചടക്കനടപടികള്‍ ഇന്ത്യക്ക് നേരിടേണ്ടി വരും. ലോകകപ്പിനെ തന്നെ ബാധിക്കും. എങ്കിലും ഏറെ രാഷ്ട്രീയമാനമുള്ള  വിഷയത്തില്‍ സര്‍ക്കാരിന്‍റെ നിലപാടിനൊപ്പം നില്‍ക്കും. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരുമായി ബന്ധം വിച്ഛേദിക്കാൻ ഐസിസിക്ക് അയച്ച കത്തില്‍ ഭരണസമിതി ആവശ്യപ്പെട്ടു.

പാകിസ്ഥാനെതിരെ കളിക്കുന്ന കാര്യത്തില്‍ മുൻ ഇന്ത്യന്‍ താരങ്ങളിലും കടുത്ത അഭിപ്രായ ഭിന്നതയാണ്. പാകിസ്ഥാനെ കളിച്ച് തോൽപിച്ചാണ് പ്രതികാരം ചെയ്യേണ്ടതെന്നും മത്സരം ഉപേക്ഷിച്ച് എന്തിന് അവര്‍ക്ക് രണ്ട് പോയിന്‍റ് വെറുതെ കൊടുക്കണമെന്നും സുനിൽ ഗാവസ്കർ ചോദിക്കുന്നു. എന്നാൽ പാകിസ്ഥാനെതിരെ കായിക രംഗത്ത് ഒരു ബന്ധവും പാടില്ലെന്ന നിലപാടാണ് സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയവർക്കുള്ളത്.

അടുത്തമാസം ആരംഭിക്കുന്ന ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന്‍റെ ഉദ്ഘാടന ചടങ്ങ് ആര്‍ഭാടം ഒഴിവാക്കി ലളിതമായ രീതിയില്‍ നടത്താന്‍ ബിസിസിഐ ഇടക്കാല ഭരണസമിതി യോഗം തീരുമാനിച്ചു. ഉദ്ഘാടനച്ചടങ്ങിനായി നീക്കിവെക്കുന്ന തുക പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബത്തിന് നല്‍കും.

ഇത്തവണ പതിവു രീതിയിലുള്ള ഉദ്ഘാടന ചടങ്ങ് വേണ്ടെന്നാണ് ഭരണസമിതിയുടെ തീരുമാനമെന്ന്, യോഗത്തിനുശേഷം സമിതി തലവന്‍ വിനോദ് റായ് മാധ്യമങ്ങളോട് പറഞ്ഞു. മെയ് അവസാനം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ പങ്കെടുപ്പിക്കുന്നതിലെ ആശങ്ക അറിയിച്ച് ഐസിസിക്ക് കത്തെഴുതാനും സമിതി യോഗം തീരുമാനിച്ചു. ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുമായുള്ള ക്രിക്കറ്റ് ബന്ധം ഭാവിയില്‍ ഉപേക്ഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുമെന്നും വിനോദ് റായ് വ്യക്തമാക്കി.