അന്താരാഷ്‌ട്ര ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തില്‍ കോലിയെയും രോഹിതിനെയും മിതാലി മറികടന്നിരുന്നു. ഇന്ത്യക്കായി റണ്‍വേട്ട തുടരുമെന്നാണ് 35കാരിയായ താരം പറയുന്നത്...

ഗയാന: ഇന്ത്യക്കായി റണ്‍വേട്ട തുടരുമെന്ന് മുപ്പത്തിയഞ്ചുകാരിയായ ഇതിഹാസ വനിതാ ക്രിക്കറ്റര്‍ മിതാലി രാജ്. വനിതാ ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ അര്‍ദ്ധ സെഞ്ചുറി നേടിയ ശേഷമാണ് മിതാലിയുടെ പ്രതികരണം. ലോകകപ്പിനിടെ വിരാട് കോലിയെയും രോഹിത് ശര്‍മ്മയെയും മറികടന്ന് അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തിയിരുന്നു മിതാലി.

അവസാന ലോകകപ്പില്‍ നിന്ന് ഈ ടീം വളരെയധികം മെച്ചപ്പെട്ടുകഴിഞ്ഞു. യുവതാരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം ലോകകപ്പ് നേടേണ്ടത് ആവശ്യമാണ്. പന്ത് മുപ്പതുവാര കടന്നുപോയാല്‍ പവര്‍പ്ലേയില്‍ ബൗണ്ടറി ലഭിക്കും. അതിനാണ് താനിപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഇന്ത്യക്കായി റണ്‍സ് കണ്ടെത്തുന്നത് തുടരാമെന്ന് പ്രതീക്ഷിക്കുന്നതായി അയര്‍ലന്‍ഡിനെതിരായ മത്സരശേഷം മിതാലി പറഞ്ഞു. 

അയര്‍ലന്‍ഡിനെതിരെ 56 പന്തില്‍ 51 റണ്‍സ് നേടിയതോടെ മിതാലിയുടെ റണ്‍വേട്ട 2283ലെത്തി. എന്നാല്‍ വനിതാ താരങ്ങളില്‍ നാലാം സ്ഥാനമാണ് മിതാലിക്കുള്ളത്. ന്യൂസീലന്‍ഡിന്‍റെ സൂസി ബെയ്റ്റ്‌സാണ് 2996 റണ്‍സുമായി വനിതാ താരങ്ങളില്‍ ഒന്നാം സ്ഥാനത്ത്.