സെന്‍റ് ലൂസിയ: ഇംഗ്ലണ്ട്- വിന്‍ഡീസ് മൂന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിനം മൈതാനത്ത് നാടകീയ സംഭവങ്ങള്‍. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിനെ പ്രകോപിക്കാന്‍ പലകുറി ശ്രമിച്ച് വിന്‍ഡീസ് പേസര്‍ ഷാന്നന്‍ ഗബ്രിയേലാണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ റൂട്ടിന്‍റെ മൂര്‍ച്ചയേറിയ വാക്കുകളും മൈക്ക് സ്റ്റംപ് ഒപ്പിയെടുത്തതോടെ വാക്‌പ്പോര് കാര്യമായി. 

മൈക്ക് സ്റ്റംപ് ഒപ്പിയെടുത്ത ദൃശ്യങ്ങളില്‍ ഗബ്രിയേല്‍ എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ല. എന്നാല്‍ 'ഗേ ആയിരിക്കുന്നതില്‍ തെറ്റില്ല' എന്ന റൂട്ടിന്‍റെ മറുപടി ദൃശ്യങ്ങളിലുണ്ട്. പറഞ്ഞ വാക്കുകള്‍ക്ക് ഗബ്രിയേല്‍ പശ്ചാത്തപിക്കേണ്ടിവരും എന്നായിരുന്നു മത്സരശേഷം ജോ റൂട്ടിന്‍റെ പ്രതികരണം. ഈ വിഷയം മൈതാനത്ത് തന്നെ തീരേണ്ടതാണെന്നും റൂട്ട് പറഞ്ഞു. 

വ്യക്തിപരമായി അധിക്ഷേപിക്കുകയോ പദപ്രയോഗങ്ങള്‍ നടത്തുകയോ ചെയ്താല്‍ ഐസിസി ശിക്ഷാ നിയമം അനുസരിച്ച് താരങ്ങള്‍ക്കെതിരെ അച്ചടക്കനടപടിയുണ്ടാകാറുണ്ട്. എന്നാല്‍ ജോ റൂട്ടിനും ഷാന്നന്‍ ഗബ്രിയേലിനുമെതിരെ നടപടിയുണ്ടാകുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.