അന്ന് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടുപോലുമില്ലാത്ത എം എസ് ധോണി തന്റെ ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയിട്ടുണ്ടെന്ന് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിന്റെ യുവനിരയെ ലോകോത്തര താരങ്ങളാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. സെവാഗും സഹീറും യുവരാജും ഹര്‍ഭജനുമെല്ലാം ഗാംഗുലിയുടെ കീഴില്‍ മികച്ചതാരങ്ങളായി മാറിയവരാണ്. 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍ വരെ നയിച്ച ഗാംഗുലിക്ക് പക്ഷെ ഓസീസ് കരുത്തിന് മുന്നില്‍ അടിതെറ്റി.

അന്ന് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടുപോലുമില്ലാത്ത എം എസ് ധോണി തന്റെ ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയിട്ടുണ്ടെന്ന് ഗാംഗുലി തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തി. അന്ന് ധോണി റെയില്‍വെയില്‍ ടിക്കറ്റ് കലക്ടറായി ജോലി ചെയ്യുകയായിരുന്നു. അവിടുന്ന് ഇതുവരെയുള്ള ധോണിയുടെ യാത്ര അവിശ്വസനീയമാണെന്നും ഗാംഗുലി പറയുന്നു.ഗാംഗുലിയുടെ ആത്മകഥയായ സെഞ്ചുറി നോട്ട് ഇനഫിലാണ് ധോണിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

സമ്മര്‍ദ്ദഘട്ടങ്ങളില്‍ പതറാതെ കളിയുടെ ഗതിതന്നെ തിരിച്ചുവിടാന്‍ കഴിയുന്ന താരങ്ങളെയാണ് ഞാന്‍ നോട്ടമിട്ടിരുന്നത്. എന്നാല്‍ 2004ല്‍ മാത്രമാണ് ധോണിയുടെ പ്രകടനങ്ങള്‍ എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ധോണിയുടെ കളി കണ്ട ആദ്യദിവസം മുതല്‍ അദ്ദേഹം എന്നില്‍ മതിപ്പുളവാക്കി. അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ വിലയിരുത്തല്‍ തെറ്റിയില്ലെന്ന് കാലം തെളിയിച്ചതില്‍ സന്തോഷമുണ്ട്.

2004ല്‍ ഗാംഗുലിക്ക് കീഴിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. 2008ല്‍ ധോണിയുടെ നായകത്വത്തിന്‍ കീഴിലായിരുന്നു ഗാംഗുലി രാജ്യാന്തര ക്രിക്കറ്റിനോട് വിട ചൊല്ലിയത്. നാഗ്‌പൂരില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന വിടവാങ്ങല്‍ ടെസ്റ്റിന്റെ അവസാന സെഷനില്‍ ഗാംഗുലിയെ നായകനാക്കി ധോണി അദ്ദേഹത്തോടുള്ള കടപ്പാട് വ്യക്തമാക്കുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണിയെ മൂന്നാം നമ്പറിലിറക്കാനുള്ള തീരുമാനം ഗാംഗുലിയുടേതായിരുന്നു. മൂന്നാം നമ്പറിലാണ് ധോണി വെടിക്കെട്ട് പ്രകടനങ്ങള്‍ പുറത്തെടുത്ത് എതിരാളികള്‍ ഭയക്കുന്ന ബാറ്റ്സ്മാനായത്. അതിനുശേഷം ധോണിക്ക് കരിയറില്‍ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.