കകമിഗഹാര: നിലവിലെ ചാമ്പ്യന്‍മാരായ ജപ്പാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ എഷ്യാകപ്പ് ഫൈനലില്‍. കകമിഗഹാര കവാസാക്കി സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഞാറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ചൈനയെ നേരിടും. ഇന്ത്യക്കായി ഗുര്‍ജിത് കൗര്‍ രണ്ടും നവജോത് കൗര്‍, ലാല്‍റേസിയാമി എന്നിവര്‍ ഓരോ ഗോളും നേടി. പുരുഷവിഭാഗത്തില്‍ മലേഷ്യയെ തകര്‍ത്ത് ഇന്ത്യ കിരീടം ചൂടിയിരുന്നു.
തകര്‍പ്പന്‍ ഗോളിലൂടെ എഴാം മിനുറ്റില്‍ ഗുര്‍ജിത് കൗര്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. വന്ദന കടാറിയയുടെ അസിസ്റ്റില്‍ ഒമ്പതാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ വീണ്ടും ലക്ഷ്യം കണ്ടതോടെ ജപ്പാന്‍ പരുങ്ങലിലായി. തൊട്ടുപിന്നാലെ വജോത് കൗറും വലകുലുക്കിയതോടെ ഇന്ത്യ 3-0ന് മുന്നിലെത്തി. ഷിനോ സൂചി 17-ാംമിനിറ്റിലും യൂ ഇഷിബാഷി 28-ാം മിനിറ്റിലും ജപ്പാനായി ഗോള്‍ മടക്കി. ലാല്‍റേസിയാമിലൂടെ 38-ാം മിനുറ്റില്‍ ഇന്ത്യ 4- 2ന്‍റെ ലീഡുറപ്പിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ജപ്പാന് മറുപടിയുണ്ടായില്ല.
