ലണ്ടന്‍: പുരുഷ ക്രിക്കറ്റിനെന്നപോലെ വനിതാ ക്രിക്കറ്റും കാണാന്‍ ആളുണ്ടെന്ന് ഒടുവില്‍ ഐസിസിക്ക് ബോധ്യപ്പെട്ടു. വനിതാ ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയതോടെ കാഴ്ചക്കാരുടെ എണ്ണം 18 കോടിയായി. നാലു വര്‍ഷം മുമ്പ് നടന്ന ലോകകപ്പിനെ അപേക്ഷിച്ച് കാഴ്ചക്കാരുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ധന. ഇതില്‍ 15.6 കോടി പേരും ഇന്ത്യക്കാരാണ്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഫൈനല്‍ പോരാട്ടം മാത്രം കണ്ടവരുടെ എണ്ണം 12.6 കോടിയാണ്.

ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലുമാണ് വനിതാ ക്രിക്കറ്റിന് ഏറ്റവുമധികം കാഴ്ചക്കാരുണ്ടായത്. ഇന്ത്യയില്‍ കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് കാഴ്ചക്കാരുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ധിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ ഇത് എട്ടു മടങ്ങ് കൂടി. ടൂര്‍ണമെന്റില്‍ ഇന്ത്യ നടത്തിയ മുന്നേറ്റം കാണികളുടെ എണ്ണത്തിലും പ്രതിഫലിച്ചു. ഓസ്ട്രേലിയയെ അട്ടിമറിച്ച് മിതാലിപ്പട ഫൈനലില്‍ എത്തിയതോടെ പുരുഷ ക്രിക്കറ്റിനെപ്പോലെ വനിതാ ക്രിക്കറ്റ് കാണാനും ആരാധകര്‍ കൂട്ടത്തോടെ ടിവിക്ക് മുന്നിലെത്തി. ഓരോ കളിയിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ച്ച വെച്ച് മുന്നേറിയതോടെ, 500 ശതമാനത്തോളമാണ് കാണികള്‍ വര്‍ധിച്ചതെന്ന് ഐസിസി തന്നെ വെളിപ്പെടുത്തുന്നു.

ടെലിവിഷന്‍ കാഴ്ചക്കാര്‍ക്ക് പുറമെ ഡിജിറ്റല്‍ പ്ലാറ്റഫോമുകളില്‍ പത്തു കോടി ആരാധകര്‍ കളി കണ്ടു. ഐസിസിയുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലെ പോസ്റ്റുകള്‍ 6.7 കോടി ആരാധകരിലെത്തി. 2017ല്‍ വനിതാ കായികരംഗത്തേറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ് ടാഗും വനിതാ ലോകകപ്പിന്റേതാണ്. #WWC17Final എന്ന ഹാഷ് ടാഗാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതിനുപുറമെ ട്വിറ്ററില്‍ പത്തുലക്ഷത്തോളം പേരാണ് വനിതാ ലോകകപ്പിനെക്കുറിച്ചുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പങ്കുവെച്ചത്.

2013 ലോകകപ്പിനെ അപേക്ഷിച്ച് 24 മടങ്ങ് കൂടുതലാണിത്. നൂറോളം രാജ്യങ്ങളിലെ പത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങളിലായി വനിതാ ലോകകപ്പിനെക്കുറിച്ച് 50000 ത്തോളം വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ചത്. ഇതിലും ഇന്ത്യ തന്നെയാണ് ഒന്നാമത്. ഇന്ത്യയില്‍ മാത്രം 16000 ത്തോളം വാര്‍ത്തകളാണ് വനിതാ ലോകകപ്പിനെക്കുറിച്ച് പത്ര-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്.വനിതാ ലോകകപ്പ് സൃഷ്ടിച്ച തരംഗത്തില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നാണ് ഐസിസി ചീഫ് എക്സിക്ക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സസണ്‍ പ്രതികരിച്ചു.