ലാഹോര്‍: പാക്കിസ്ഥാനെതിരായ രണ്ടാം ട്വന്‍റി20യില്‍ ലോക ഇലവന് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 55 പന്തില്‍ 72 റണ്‍സെടുത്ത ഹാഷിം അംലയും 19 പന്തില്‍ 47 റണ്‍സെടുത്ത തിസാര പെരേരയുമാണ് ലോക ഇലവന് വിജയം സമ്മാനിച്ചത്. ടീം പെയ്നും ഡ്യുപ്ലസിയും വേഗം പുറത്തായത് ലോക ഇലവനെ പ്രതിരോധത്തിലാക്കിയെങ്കിലും തകര്‍ത്തടിച്ച അംലയ്ക്കും പെരേരയേക്കും മുന്നില്‍ പാക്കിസ്ഥാന് പിടിച്ചുനില്‍ക്കാനായില്ല. സൂപ്പര്‍ ഓവറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മല്‍സരത്തില്‍ ഒരു പന്ത് ബാക്കി നില്‍ക്കേയാണ് ലോക ഇലവന്‍റെ ജയം

ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന്‍ ഇലവന് 45 റണ്‍സെടുത്ത ബാബര്‍ അസമും 43 റണ്‍സെടുത്ത അഹമ്മദ് ഷെഹസാദുമാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. ശൊയ്ബ് മാലിക് 39 റണ്‍സെടുത്തും ഫഖര്‍ സല്‍മാന്‍ 21 റണ്‍സെടുത്തും പുറത്തായി. സാമുവേല്‍ ബദ്രിയും തിസാര പെരേരയും രണ്ട് വിക്കറ്റ് വീതം നേടി. 175 റണ്‍സ് ലക്ഷ്യമാക്കി ബാറ്റിംഗിനിറങ്ങിയ ലോക ഇലവന് തമിം ഇക്ബാലും അംലയും മികച്ച തുടക്കമാണ് നല്‍കിയത്. പാക്കിസ്ഥാനായി ഇമാദ് വസിം, സൊഹൈല്‍ ഖാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.