ലണ്ടൻ: ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ന്യൂസിലന്‍ഡിനെതിരായി ഇന്ന് നടക്കുന്ന സന്നാഹ മത്സരത്തില്‍നിന്ന് യുവരാജ് സിംഗിനേയും രോഹിത് ശർമയേയും ഒഴിവാക്കി. വൈറൽ പനിപിടിച്ചതാണ് യുവരാജിനെ ഒഴിവാക്കാൻ കാരണം. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലേക്ക് തിരിച്ചുപോയ രോഹിത് ശർമ ഇന്ന് മാത്രമേ ഇംഗ്ലണ്ടിൽ തിരിച്ചെത്തു. ഇതാണ് രോഹിതിനെ ഒഴിവാക്കിയത്.
പനി പിടിച്ച യുവരാജ് സിംഗ് ലോഡ്സില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുത്തിരുന്നില്ല. രണ്ടോ മൂന്നോ ദിവസത്തിനകം യുവരാജ് അസുഖത്തില്‍നിന്നും മുക്ത നാകുമെന്ന് ടീം ഡോക്ടര്‍മാര്‍ അറിയിച്ചതായി ടീം ഇന്ത്യ മാനേജ്മെന്റ് അറിയിച്ചു.
ഇരുവരും ബംഗ്ലാദേശിനെതിരായ രണ്ടാം സന്നാഹമത്സരത്തിൽ കളിച്ചേക്കും. ചൊവ്വാഴ്ചയാണ് ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരം. ജൂണ്‍ ഒന്നിനാണ് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുക. നാലിന് പാക്കിസ്ഥാനെതിരേയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യമത്സരം.
