ലണ്ടന്‍: ഐ സി സി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക വിതച്ച്, യുവരാജ് പരിശീലനത്തിന് ഇറങ്ങിയില്ല. അസുഖം മൂലമാണ് യുവരാജ് പരിശീലനത്തിന് ഇറങ്ങാതിരുന്നതെന്നാണ് സൂചന. ഫിറ്റ്‌നസ് തെളിയിക്കാന്‍ യുവരാജിന് ടീം മാനേജ്മെന്റ് ഒരു ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ഇതിനുള്ളില്‍ കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ യുവിയെ മടക്കിയയച്ചേക്കുമെന്നാണ് വിവരം. നാളെ ന്യൂസിലാന്‍ഡിനെതിരായ സന്നാഹമല്‍സരത്തിനുള്ള ടീമില്‍ യുവരാജിനെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നതാണ്. ജൂണ്‍ ഒന്നിന് തുടങ്ങുന്ന ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യയ്‌ക്ക് രണ്ട് സന്നാഹമല്‍സരങ്ങളാണുള്ളത്. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹമല്‍സരം. ജൂണ്‍ നാലിന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യത്തെ മല്‍സരം.