ലോകപ്രശസ്ത ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ഉള്‍പ്പെടെ 150 ഓളം പേരാണ് ലോകാരോഗ്യസംഘടനയ്ക്ക് സമര്‍പ്പിച്ച തുറന്ന കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. സിക വൈറസിന്‍റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒളിമ്പിക്സ് പോലൊരു വലിയ കായിക മാമാങ്കവുമായി മുന്നോട്ട് പോകുന്നത് ധാര്‍മികതക്ക് നിരക്കുന്നതല്ലെന്ന് ശാസ്ത്രജ്ഞര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ബ്രസീലിലെ കാര്യക്ഷമമല്ലാത്ത കൊതുകുനിവാരണ സംവിധാനങ്ങളും ആരോഗ്യമേഖലയുടെ മോശം നിലവാരവും ഒളിമ്പിക്‌സ് നടത്താന്‍ പര്യാപതമല്ലെന്നും ശാസ്ത്രജ്ഞര്‍ ആരോപിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമായി അഞ്ച് ലക്ഷത്തിലധികം പേര്‍ റിയോയില്‍ എത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ശാസ്ത്രജ്ഞരുടെ കത്തില്‍ ഉണ്ട്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കാതെ പോകരുതെന്നും ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയെ ഒര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ഇപ്പോള്‍ ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ നിലപാട്. ആഗസ്റ്റ് 5 മുതല്‍ 21 വരെയാണ് റിയോ ഒളിമ്പിക്‌സ് നിശ്ചയിച്ചിരിക്കുന്നത്.