ബംഗ്ലാദേശിനെ അവരുടെ മണ്ണില്‍ കീഴടക്കി സിംബാബ്‌വെയ്ക്ക് ടെസ്റ്റില്‍ ചരിത്രവിജയം. രണ്ടാം ഇന്നിംഗ്സില്‍ 321 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് അവസാനദിനം 169 റണ്‍സിന് ഓള്‍ ഔട്ടായി. 17 വര്‍ഷത്തിനുശേഷമാണ് സിംബാബ്‌വെ വിദേശമണ്ണില്‍ ഒരു ടെസ്റ്റില്‍ ജയം നേടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ടെസ്റ്റില്‍ സിംബാബ്‌വെ നേടുന്ന ആദ്യ ജയവുമാണിത്. സ്കോര്‍ സിംബാബ്‌വെ 282, 181, ബംഗ്ലാദേശ് 143, 169.

ധാക്ക: ബംഗ്ലാദേശിനെ അവരുടെ മണ്ണില്‍ കീഴടക്കി സിംബാബ്‌വെയ്ക്ക് ടെസ്റ്റില്‍ ചരിത്രവിജയം. രണ്ടാം ഇന്നിംഗ്സില്‍ 321 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് അവസാനദിനം 169 റണ്‍സിന് ഓള്‍ ഔട്ടായി. 17 വര്‍ഷത്തിനുശേഷമാണ് സിംബാബ്‌വെ വിദേശമണ്ണില്‍ ഒരു ടെസ്റ്റില്‍ ജയം നേടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ടെസ്റ്റില്‍ സിംബാബ്‌വെ നേടുന്ന ആദ്യ ജയവുമാണിത്. സ്കോര്‍ സിംബാബ്‌വെ 282, 181, ബംഗ്ലാദേശ് 143, 169.

2001 നവംബറിലാണ് ഇതിന് മുമ്പ് സിംബാബ്‌വെ വിദേശമണ്ണില്‍ ഒരു ടെസ്റ്റ് ജയിച്ചത്. വിദേശത്ത് സിംബാബ്‌വെ നേടുന്ന മൂന്നാമത്തെ മാത്രം ജയമാണിത്. രണ്ടാം ഇന്നിംഗ്സില്‍ 21 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ബ്രണ്ടന്‍ മാവുട്ടയുടെ പ്രകടനമാണ് സിംബാബ്‌‌വെയ്ക്ക് ചരിത്രജയം എളുപ്പമാക്കിയത്. മൂന്നു വിക്കറ്റുമായി ബംഗ്ലാദേശിന്റെ നടുവൊടിച്ച സിക്കന്ദര്‍ റാസയും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

അവസാന ദിവസം ഇമ്രുള്‍ കെയ്സും ലിറ്റണ്‍ ദാസും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയെങ്കിലും ലിറ്റണ്‍ ദാസിനെ(23) വീഴ്ത്തി റാസ ബംഗ്ലാ തകര്‍ച്ചക്ക് തുടക്കമിട്ടു. പിന്നാലെ 43 റണ്‍സെടുത്ത ഇമ്രുള്‍ കെയ്സിനെയും റാസ തന്നെ മടക്കി. പിന്നീട് 38 റണ്‍സെടുത്ത ആരിഫുള്‍ ഹഖിന് മാത്രമെ ബംഗ്ലാ നിരയില്‍ ചെറിയ ചെറുത്തുനില്‍പ്പെങ്കിലും നടത്താനായുള്ളു. ബംഗ്ലാദേശിന്റെ അവസാന മൂന്ന് ബാറ്റ്സ്മാന്‍മാര്‍ പൂജ്യത്തിന് പുറത്തായി.