ഗ്യാസ് എന്ന് പറഞ്ഞ് ഡോക്‌ടര്‍ മരുന്ന് തന്നുവിട്ടു, പക്ഷേ വേദന ഒട്ടും കുറഞ്ഞില്ല. ഒടുവില്‍, സര്‍ജറി നിര്‍ദ്ദേശിച്ച എഐ തന്‍റെ ജീവന്‍ രക്ഷിച്ചെന്ന അവകാശവാദവുമായി ഒരു രോഗി രംഗത്ത്.
അസിഡിറ്റി ബാധിച്ചതാണെന്ന് പറഞ്ഞ് മരുന്ന് നല്‍കി ഡോക്‌ടര്‍മാർ വീട്ടിലേക്ക് അയച്ച തന്‍റെ ജീവൻ എഐ ചാറ്റ്ബോട്ട് രക്ഷിച്ചെന്ന് അവകാശപ്പെട്ട് ഒരു രോഗി. ഇലോൺ മസ്‍കിന്‍റെ ഗ്രോക്ക് എഐ, അപ്പെൻഡിക്‌സ് ഗ്രന്ഥി പൊട്ടാറായ തന്‍റെ ജീവൻ രക്ഷിച്ചുവെന്ന് അവകാശപ്പെട്ടാണ് രോഗി രംഗത്തെത്തിയത്. ഗ്രോക്ക് എഐയുടെ വലിയ നേട്ടമായി ഇതിനെ എക്‌സിൽ ഇലോൺ മസ്‌ക് അവകാശപ്പെട്ടു. എഐ ശരിയായ രോഗനിര്‍ണയം നടത്തിയെന്ന വാദങ്ങള്‍ ശരിതന്നെയോ എന്ന് ചര്‍ച്ച ചെയ്യുകയാണ് റെഡ്ഡിറ്റ് യൂസര്‍മാര്‍.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റിലാണ് 49-കാരനായ ഒരു ഉപയോക്താവ് തന്‍റെ വേദന നിറഞ്ഞ അനുഭവം പങ്കുവച്ചത്. കഴിഞ്ഞ 24 മണിക്കൂർ ഒരു പേടിസ്വപ്‍നമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. വയറിലെ വേദന വളരെ തീവ്രമായിരുന്നു. ആരോ ഒരു ബ്ലേഡ് ഉള്ളിലേക്ക് കടത്തിവിടുന്നത് പോലെ തോന്നി. കിടക്കയിൽ കിടക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. മുട്ടുകുത്തി തറയിൽ കിടന്നത് മാത്രമാണ് ആശ്വാസം നൽകിയത്. വേദന അസഹനീയമായപ്പോൾ, അദ്ദേഹം ആശുപത്രിയിലേക്ക് പാഞ്ഞു. എന്നാൽ വയറുവേദനയ്ക്ക് കാരണം ഗ്യാസ് മാത്രമാണെന്ന് ഡോക്‌ടർ അദ്ദേഹത്തോട് പറഞ്ഞു. കുറച്ച് മരുന്നുകൾ നൽകിയ ശേഷം വീട്ടിലേക്ക് പോകാമെന്നും ഡോക്‌ടർ അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ മരുന്ന് കഴിച്ചിട്ടും രോഗിയുടെ വേദന കുറഞ്ഞില്ല, കുറച്ച് മണിക്കൂറുകൾക്ക് ശേഷം ആരോഗ്യം കൂടുതൽ വഷളായി. ഏകദേശം 24 മണിക്കൂറിനുശേഷം, അദ്ദേഹം ചാറ്റ്ബോട്ട് ഗ്രോക്ക് എഐയോട് തന്‍റെ പ്രശ്‌നം പറഞ്ഞു.
ജീവൻ രക്ഷിക്കാനുള്ള ഉപദേശം എഐ നൽകുന്നു
ആ മനുഷ്യന്‍റെ വയറുവേദനയെക്കുറിച്ച് ഗ്രോക്ക് എഐ പറഞ്ഞത്, അതൊരു സാധാരണ വേദനയല്ല എന്നാണ്. അപ്പെൻഡിക്സ് വലുതാകുകയോ അതിന്‍റെ പൊട്ടലോ ആകാം ഈ വേദനയ്‌ക്ക് കാരണം എന്നും എഐ പറഞ്ഞു. ഉടൻ തന്നെ സിടി സ്കാൻ ചെയ്യാൻ ഗ്രോക്ക് എഐ ആ മനുഷ്യനെ ഉപദേശിച്ചു. തുടർന്ന് അദ്ദേഹം ആശുപത്രിയിലെത്തി ഡോക്‌ടർമാരോട് സിടി സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. സിടി സ്‌കാൻ റിപ്പോർട്ട് വന്നപ്പോൾ, അദ്ദേഹത്തിന്റെ അപ്പെൻഡിക്‌സ് പൊട്ടുന്ന അവസ്ഥയിലാണെന്ന് കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നു. ഏകദേശം ആറ് മണിക്കൂർ ശസ്‍ത്രകിയയ്ക്ക് ശേഷം ഡോക്‌ടർമാർ അപ്പെൻഡിക്സ് വിജയകരമായി നീക്കം ചെയ്‌തു. ബോധം വീണ്ടെടുത്തപ്പോൾ വർഷങ്ങൾക്ക് ശേഷം ആദ്യമായി താൻ വേദനയിൽ നിന്ന് പൂർണ്ണമായും മുക്തനായതായി രോഗി പറഞ്ഞു.
എഐയുടെ ഉപദേശം മറച്ചുവച്ചു
രസകരമെന്നു പറയട്ടെ, ഗ്രോക്ക് പരിശോധന ശുപാർശ ചെയ‌്‌തതായി താൻ ഡോക്‌ടര്‍മാരോട് പറഞ്ഞില്ലെന്നും രോഗി പറയുന്നു. ഒരു നഴ്‌സായ തന്‍റെ സഹോദരി സിടി സ്‍കാൻ എടുക്കാൻ നിർദ്ദേശിച്ചതായിട്ടാണ് അദ്ദേഹം അവരോട് പറഞ്ഞത്. ഡോക്‌ടർമാർ എഐയുടെ ഉപദേശം അവഗണിക്കുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു താൻ ഇങ്ങനെ ചെയ്‌തത് എന്നും അദ്ദേഹം പറയുന്നു.
പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി
ഈ സംഭവത്തിനുശേഷം, ആ മനുഷ്യൻ റെഡ്ഡിറ്റിൽ എഴുതി, "ഡോക്‌ടർമാർക്ക് കാണാൻ കഴിയാത്ത ഒരു രോഗം കണ്ടെത്തിയ എഐ കാരണം മാത്രമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്." നിങ്ങൾക്ക് വേദന അനുഭവപ്പെടുകയും ഡോക്‌ടർ നിങ്ങളെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്‌താൽ, നിങ്ങളുടെ മനസ്സാക്ഷിയെ ശ്രദ്ധിക്കുക എന്നും അദ്ദേഹം ആളുകളോട് ഉപദേശിച്ചു. ഈ കഥ വൈറലായതോടെ, ഡോക്‌ടർമാർ പലപ്പോഴും കാണാതെ പോകുന്ന കാര്യങ്ങൾ എഐക്ക് കണ്ടെത്താൻ കഴിയുമെന്ന് ഗ്രോക്ക് എഐ തെളിയിച്ചതായി ആളുകൾ അഭിപ്രായപ്പെട്ടു. മികച്ച ചികിത്സകൾ നൽകാൻ കഴിയുമെങ്കിൽ ‘എഐ ഡോക്‌ടർമാരെ’ സ്വാഗതം ചെയ്യുമെന്നും പല ഉപയോക്താക്കളും പറഞ്ഞു.
മുന്നറിയിപ്പ്
ഉപയോക്താവ് സൃഷ്‍ടിച്ച ഒരു റെഡിറ്റ് പോസ്റ്റിനെ അടിസ്ഥാനമാക്കി മാത്രം ഉള്ളതാണ് ഈ വാർത്ത. ഇതൊരു വ്യക്തിയുടെ സ്വകാര്യ സോഷ്യല്‍ മീഡിയ അക്കൗണ്ടിൽ നിന്നുള്ള അനുഭവം മാത്രമാണ്. ഇത് മെഡിക്കൽ ഉപദേശമായോ ഏതെങ്കിലും എഐ സംവിധാനത്തിന്‍റെ രോഗനിർണയ കൃത്യതയുടെ തെളിവായോ ഒരിക്കലും കണക്കാക്കരുത്. നിങ്ങളുടെ ആരോഗ്യ പ്രശ്‍നങ്ങൾ പരിഹരിക്കാന്‍ ഡോക്‌ടര്‍മാരുടെ സഹായമാണ് എപ്പോഴും തേടേണ്ടത്. രോഗനിർണയം, ചികിത്സ അല്ലെങ്കിൽ അടിയന്തര തീരുമാനങ്ങൾക്കായി എഐ ഉപകരണങ്ങളെ മാത്രം ഒരിക്കലും ആശ്രയിക്കരുത്.



