സൂപ്പർകമ്പ്യൂട്ടറില്‍ നിന്ന് ചോര്‍ന്ന വിവരങ്ങളില്‍ മിസൈൽ രൂപരേഖകൾ, പ്രതിരോധ രേഖകൾ, ഫൈറ്റർ ജെറ്റുകളുടെയും യുദ്ധ സിമുലേഷനുകളുടേയും ഗവേഷണങ്ങളുമായി ബന്ധപ്പെട്ട ഡാറ്റകൾ എന്നിവ ഉൾപ്പെടുന്നു

ചൈനയിൽ സർക്കാർ നിയന്ത്രിത സൂപ്പർകമ്പ്യൂട്ടറിൽ നിന്നുള്ള അത്യന്തം രഹസ്യ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി ഞെട്ടിക്കും റിപ്പോർട്ടുകൾ. ചൈനയിലെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സംഭവമാണിത് എന്നാണ് റിപ്പോർട്ടുകൾ. മിസൈൽ രൂപരേഖകൾ, പ്രതിരോധ രേഖകൾ, ഫൈറ്റർ ജെറ്റുകൾക്കും യുദ്ധ സിമുലേഷൻ ഗവേഷണങ്ങൾക്കുമായി ബന്ധപ്പെട്ട ഡാറ്റകൾ എന്നിവ ഉൾപ്പെടുന്ന വലിയ ശേഖരം ഹാക്കർമാർ കൈവശപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.

ചോര്‍ന്നത് രഹസ്യ സൈനിക ഡാറ്റകള്‍

ചോർത്തപ്പെട്ട ഡാറ്റയുടെ അളവ് 10 പെറ്റാബൈറ്റിൽ കൂടുതലാണ് എന്നാണ് കണക്കുകൾ. താരതമ്യമായി, ഒരു സാധാരണ ഹൈഎൻഡ് ലാപ്ടോപ്പിന് ഏകദേശം ഒരു ടെറാബൈറ്റിന്റെ സംഭരണ ശേഷി മാത്രമേ ഉണ്ടാകൂ. ഈ കണക്ക് ശരിയാണെങ്കിൽ, ചൈനയുടെ നിർണായക അടിസ്ഥാന സൗകര്യങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ ഡാറ്റ ചോർച്ചകളിൽ ഒന്നായിരിക്കും ഇത്. ടിയാൻജിനിലുള്ള നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് സെന്ററിലാണ് (NSCC) ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ 6000-ത്തിലധികം സ്ഥാപനങ്ങൾക്ക് സേവനം നൽകുന്ന ഈ കേന്ദ്രം ശാസ്ത്ര, വ്യോമഗതാഗത, പ്രതിരോധ മേഖലകളിൽ നിർണായക പങ്ക് വഹിക്കുന്നു.

ഒരു വിപിഎൻ എൻട്രി പോയിന്‍റ് പ്രവേശനം നേടിയ ഹാക്കർമാർ ബോട്ട്നെറ്റ് ഉപയോഗിച്ച് പല മാസങ്ങളായി ചെറിയ ഭാഗങ്ങളാക്കി ഡാറ്റ ചോർത്തി എന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ ഹാക്കിംഗ് നടന്നതായി കണ്ടെത്താൻ ഏറെ വൈകി. ഏകദേശം ആറുമാസത്തോളം ഈ ഹാക്കിംഗ് പ്രക്രിയ തുടർന്നതായി കരുതുന്നു. ഫെബ്രുവരി ആദ്യം ഫ്ലേമിംഗ്ചൈന എന്ന പേരിലുള്ള ഒരു അക്കൗണ്ട് ടെലിഗ്രാമിലൂടെ ഡാറ്റയുടെ ഭാഗങ്ങൾ പുറത്തുവിട്ടു. ഈ സാംപിളുകളിൽ വ്യോമയാന എൻജിനീയറിംഗ്, സൈനിക സാങ്കേതികവിദ്യ, ബയോ ഇൻഫർമാറ്റിക്സ്, ഫ്യൂഷൻ സിമുലേഷൻ തുടങ്ങിയ മേഖലകളിലെ വിവരങ്ങൾ ഉൾപ്പെട്ടിരുന്നു.

തുടർന്ന്, ഹാക്കർമാർ ഈ ഡാറ്റ വിൽപ്പനയ്ക്കും വച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ചെറിയ പ്രിവ്യൂകൾക്ക് ആയിരക്കണക്കിന് ഡോളറും, പൂർണ്ണ ഡാറ്റയ്ക്ക് ലക്ഷക്കണക്കിന് ഡോളറുകളുമാണ് വിലയായി ആവശ്യപ്പെടുന്നത്. വിവരങ്ങളുടെ സത്യാവസ്ഥ പൂർണ്ണമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, പരിശോധിച്ച വിദഗ്ധർ അതിന് വിശ്വാസ്യതയുണ്ടെന്ന് പറയുന്നു എന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming