ദില്ലി: ഫോണ്‍ വിളിക്കാനും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. എല്ലാ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളുടെയും ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്കും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അയച്ചു. ആധാറുമായി ബന്ധിപ്പിക്കാത്ത ഫോണ്‍ നമ്പര്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാകും. 

ഇന്ത്യയിലെ എല്ലാ മൊബൈല്‍ ഉപയോക്താക്കള്‍ക്കും തിരിച്ചറിയല്‍ രേഖ ഉണ്ടകണമെന്ന് ആവശ്യപ്പെട്ട് ടെലികമ്മ്യുണിക്കേന്‍സ് വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഫോണ്‍ നമ്പരുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്. അടുത്ത മാസം മുതല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും. ഒരു വര്‍ഷത്തിനുള്ളില്‍ ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും.

അതിന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത ഫോണ്‍ നമ്പരുകള്‍ നിയമവിരുദ്ധമായിരിക്കും. പുതിയ സിം എടുക്കുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ നല്‍കണം. ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ട്രായ് അധികൃതരും ടെലികോം ഇന്‍ഡസ്ട്രി പ്രതിനിധികളും പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയിരുന്നു.