ചാറ്റ്ബോട്ട് കഴിവുകൾ കൂടുതൽ ദൃഢമായി ഉൾപ്പെടുത്തുന്ന ഒരു പുതിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) മോഡ് ഗൂഗിൾ അതിന്‍റെ സെർച്ച് എഞ്ചിനിൽ അവതരിപ്പിച്ചു

കാലിഫോര്‍ണിയ: നമുക്കറിയാവുന്ന തിരയൽ രീതിക്ക് പകരമായി ഗൂഗിളും എഐ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഉപയോക്താക്കൾക്ക് ഒരു വിദഗ്ദ്ധനുമായി സംഭാഷണം നടത്തുന്ന അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെയാണ്, ചാറ്റ്ബോട്ട് കഴിവുകൾ കൂടുതൽ ദൃഢമായി ഉൾപ്പെടുത്തുന്ന ഒരു പുതിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) മോഡ് ഗൂഗിൾ അതിന്‍റെ സെർച്ച് എഞ്ചിനിൽ അവതരിപ്പിച്ചത്. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടന്ന കമ്പനിയുടെ വാർഷിക ഡെവലപ്പർമാരുടെ സമ്മേളനത്തിലാണ് ഈ പുതിയ മാറ്റം കമ്പനി അവതരിപ്പിച്ചത്. ഓൺലൈൻ സെര്‍ച്ചില്‍ ഗൂഗിളിന്‍റെ ആധിപത്യത്തെ ഇല്ലാതാക്കുന്ന ചാറ്റ്‍ജിപിടി ഉൾപ്പെടെയുള്ള എഐ സേവനങ്ങൾക്കെതിരെ മത്സരക്ഷമത നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗൂഗിളിന്റെ ഈ നീക്കം.

കമ്പനി സ്വന്തമായി ഓഗ്മെന്‍റഡ് റിയാലിറ്റി ഗ്ലാസുകൾക്കായുള്ള പദ്ധതികളും പ്രഖ്യാപിച്ചു. ഒപ്പം ഒരു സബ്സ്ക്രിപ്ഷൻ എഐ ടൂൾ വാഗ്ദാനം ചെയ്യാനും പദ്ധതിയിടുന്നുണ്ട്. ഗൂഗിളിന്‍റെ ജെമിനി ചാറ്റ്ബോട്ട് സെർച്ചിൽ ഉൾപ്പെടുത്തിയത് എഐ പ്ലാറ്റ്‌ഫോം മാറ്റത്തിന്‍റെ പുതിയ ഘട്ടത്തെ സൂചിപ്പിക്കുന്നുവെന്ന് ഗൂഗിളിന്‍റെ മാതൃ സ്ഥാപനമായ ആൽഫബെറ്റിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദർ പിച്ചൈ പറഞ്ഞു. കൂടുതൽ വിപുലമായ യുക്തി ഉപയോഗിച്ച് നിങ്ങൾക്ക് എഐയോട് ദൈർഘ്യമേറിയതും കൂടുതൽ സങ്കീർണ്ണവുമായ ചോദ്യങ്ങൾ ചോദിക്കാൻ കഴിയുമെന്നും പിച്ചെ വ്യക്തമാക്കി.

ഗൂഗിൾ ഗ്ലാസുകൾ എന്ന പേരിൽ സ്മാർട്ട് ഗ്ലാസുകൾക്ക് തുടക്കമിട്ട് ഒരു പതിറ്റാണ്ടിന് ശേഷമാണ് കമ്പനി എഐ പവർ ഗ്ലാസുകളിലേക്കുള്ള കടന്നുവരവ് നടത്തുന്നത്. കണ്ണട റീട്ടെയിലർമാരായ വാർബി പാർക്കർ, ജെന്‍റിൽ മോൺസ്റ്റർ എന്നിവരുമായി ചേർന്നാണ് പുതിയ ഗൂഗിൾ ഗ്ലാസുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവയിൽ ക്യാമറ, മൈക്രോഫോൺ, സ്പീക്കറുകൾ എന്നിവ ഉണ്ടായിരിക്കും. പുതുക്കിയ ശ്രമത്തിലൂടെ, മെറ്റയുടെ എഐ പവർ ചെയ്ത റേ-ബാൻ ഗ്ലാസുകളുമായി മത്സരിക്കാമെന്ന് ഗൂഗിൾ പ്രതീക്ഷിക്കുന്നു. ഈ വർഷം അവസാനത്തോടെ പുതിയ ഉൽപ്പന്നത്തിന്‍റെ നിർമ്മാണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഗൂഗിൾ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ എഐ കൂടുതൽ കർശനമായി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി CCS ഇൻസൈറ്റിലെ അമേരിക്കയുടെ പ്രിൻസിപ്പൽ അനലിസ്റ്റും ഡയറക്ടറുമായ ലിയോ ഗെബ്ബി പറഞ്ഞു. ഉപയോക്താക്കൾ പരിശോധിക്കേണ്ട വെബ് പേജുകളുടെ എണ്ണം കുറയ്ക്കാൻ ചാറ്റ്ബോട്ട് സഹായിക്കുമെന്നും അതോടൊപ്പം കൂടുതൽ സങ്കീർണ്ണമായ ചോദ്യങ്ങൾ ചോദിക്കാൻ ആളുകളെ അനുവദിക്കുമെന്നും അദേഹം പറഞ്ഞു. വെബ് ബ്രൗസ് ചെയ്യാൻ ചെലവഴിക്കുന്ന സമയം കുറയ്ക്കാനും ഗൂഗിളിന്‍റെ എഐ ടൂളുകളുമായി സംസാരിക്കാൻ കൂടുതൽ സമയം ചെലവഴിക്കാനും ഇത് സഹായിക്കുമെന്നും അദേഹം പറഞ്ഞു. ഗൂഗിളിന്‍റെ വരുമാനത്തിന്‍റെ ഭൂരിഭാഗവും സെർച്ച് ബിസിനസ്സിലൂടെയാണ് ലഭിക്കുന്നത് എന്നതിനാൽ, സെർച്ച് മേഖലയിൽ ഗൂഗിൾ വരുത്തുന്ന ഏതൊരു അപ്‌ഡേറ്റും നിർണ്ണായക പ്രാധാന്യമുള്ളതാണ് എന്നും ഗെബ്ബി കൂട്ടിച്ചേർത്തു.

ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ ഗൂഗിൾ കൂടുതൽ കാര്യക്ഷമമായി മുന്നേറുകയാണെന്നും എന്നാൽ ക്ലിക്കുകൾ സൃഷ്ടിക്കുന്നതിൽ കാര്യക്ഷമത കുറവാണെന്നും ക്ലിക്കുകളിലൂടെയാണ് കമ്പനിക്ക് പണം ലഭിക്കുന്നതെന്നും എപ്പിസ്ട്രോഫി ക്യാപിറ്റൽ റിസർച്ചിലെ ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് കോറി ജോൺസൺ പറഞ്ഞു.

സെർച്ചിംഗിൽ കമ്പനിക്ക് കുത്തക അവകാശം ഉണ്ടെന്ന ഒരു കോടതി വിധിയെ തടർന്ന്, ബിസിനസിൽ വരുത്താവുന്ന മാറ്റങ്ങളെച്ചൊല്ലി യുഎസ് കോടതിയിൽ ഗൂഗിൾ കേസ് നടത്തുന്നതിനിടെയാണ് ഈ പുതിയ പ്രഖ്യാപനങ്ങളും വരുന്നത് എന്നതാണ് ശ്രദ്ധേയം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം