എഐ ഡിവൈസുകൾ ഇപ്പോൾ ഉപയോക്താക്കൾക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സംഗീതം സൃഷ്‌ടിക്കാനും ആഗോള പ്ലാറ്റ്‌ഫോമുകളിലേക്ക് അപ്‌ലോഡ് ചെയ്യാനും അനുവദിക്കുന്നുവെന്ന് ഫിച്ച് റേറ്റിംഗ്‍സ് പറയുന്നു
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) വഴി സൃഷ്‌ടിക്കപ്പെടുന്ന സംഗീതത്തിന്‍റെ അതിവേഗം വളരുന്ന ജനപ്രീതി ഭാവിയിൽ കലാകാരന്മാരുടെ റോയൽറ്റിക്കും അവരുടെ വരുമാനത്തിനും ഭീഷണിയായി മാറിയേക്കാം എന്ന് പ്രവചനം. ആഗോള ക്രെഡിറ്റ് ഏജൻസിയായ ഫിച്ച് റേറ്റിംഗ്‍സിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എഐയിൽ സൃഷ്‌ടിച്ച സംഗീതത്തിന്‍റെ വ്യാപനം പരമ്പരാഗത കലാകാരന്മാർ സൃഷ്ടിക്കുന്ന സംഗീതത്തിന്‍റെ ആവശ്യകതയെ ദുർബലപ്പെടുത്തുമെന്നും ഇത് സംഗീത ബൗദ്ധിക സ്വത്തവകാശ (ഐപി) അടിസ്ഥാനമാക്കിയുള്ള അസറ്റ്-ബാക്ക്ഡ് സെക്യൂരിറ്റികളിൽ (എബിഎസ്) പ്രതികൂല സ്വാധീനം ചെലുത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കർശന എഐ നിയന്ത്രണം വേണമെന്ന് ആവശ്യം
എഐ ഡിവൈസുകൾ ഇപ്പോൾ ഉപയോക്താക്കൾക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സംഗീതം സൃഷ്‌ടിക്കാനും ആഗോള പ്ലാറ്റ്‌ഫോമുകളിലേക്ക് അപ്‌ലോഡ് ചെയ്യാനും അനുവദിക്കുന്നുവെന്ന് ഫിച്ച് റേറ്റിംഗ്‍സ് പറയുന്നു. ഇത് സ്‌പോട്ടിഫൈ, ഡീസർ, മറ്റ് ഡിജിറ്റൽ സേവനദാതാക്കൾ (ഡിഎസ്‌പി) എന്നിവയിൽ ഉള്ളടക്കത്തിന്‍റെ ഒരു പ്രളയത്തിലേക്ക് നയിച്ചു. ശ്രോതാക്കൾക്കായി കലാകാരന്മാർക്കിടയിൽ മത്സരം വർധിപ്പിച്ചു. ഈ സാഹചര്യം റോയൽറ്റി പേയ്‌മെന്‍റുകൾ ക്രമേണ കുറച്ചേക്കാമെന്നും ഇത് സംഗീത അവകാശ മൂല്യനിർണ്ണയങ്ങളിലും നിക്ഷേപങ്ങളിലും നേരിട്ട് സ്വാധീനം ചെലുത്തുമെന്നും ഫിച്ച് റിപ്പോർട്ട് പറയുന്നു.
പകർപ്പവകാശ ഉടമകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കർശനമായ എഐ നിയന്ത്രണം വേണമെന്ന് സംഗീത വ്യവസായത്തിലെ പ്രധാന പങ്കാളികൾ ഇപ്പോൾ ആവശ്യപ്പെടുന്നുണ്ടെന്ന് ഫിച്ച് പറയുന്നു. പൂർണ്ണമായും എഐ ജനറേറ്റഡ് ട്രാക്കുകൾ ഇപ്പോഴും മൊത്തം സ്ട്രീമിംഗിന്‍റെ ഒരു ചെറിയ ഭാഗം പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, നിരവധി പ്ലാറ്റ്‌ഫോമുകൾ ഇതിനകം തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. 2025 ജനുവരി മുതൽ ഡീസർ അതിന്‍റെ പ്ലേലിസ്റ്റുകളിൽ നിന്നും എഐ സംഗീതത്തെ ഒഴിവാക്കിയിട്ടുണ്ട്. എഐ ട്രാക്കുകൾ തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സ്‌പോട്ടിഫൈ കർശനമായ നിയമങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം സ്‌പോട്ടിഫൈ വ്യാജന്മാരെ തടയാൻ കർശനമായ ആൾമാറാട്ട വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുകയും സ്‌പാം, മാസ് അപ്‌ലോഡുകൾ, ഡ്യൂപ്ലിക്കേറ്റ് ട്രാക്കുകൾ എന്നിവ കണ്ടെത്തുന്നതിന് ഫിൽട്ടറുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. സുതാര്യത വർധിപ്പിക്കാനും യഥാർഥ കലാകാരന്മാർക്ക് മുൻഗണന നൽകാനും റോയൽറ്റി ഫ്ലോകൾ സംരക്ഷിക്കാനും ഈ ഘട്ടങ്ങൾ സഹായിക്കുമെന്ന് ഫിച്ച് പറയുന്നു.
എഐ സംഗീതത്തിന്‍റെ ഭാവി
അതേസമയം, ചില ഡിജിറ്റൽ സേവനദാതാക്കൾ സ്വയം എഐ സംഗീതം സൃഷ്‍ടിക്കുകയോ സ്വന്തമാക്കുകയോ ചെയ്തേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നത് അവരുടെ ഉള്ളടക്ക ചെലവ് കുറയ്ക്കുകയും അവർക്ക് റോയൽറ്റിക്ക് അർഹത നൽകുകയും ചെയ്യും. എങ്കിലും, ഇത് യഥാർത്ഥ കലാകാരന്മാരുടെ വരുമാനത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നും ഫിച്ച് മുന്നറിയിപ്പ് നൽകുന്നു. എഐ സംഗീതത്തിന്‍റെ നിയന്ത്രണം, സുതാര്യത, വ്യക്തമായ ലേബലിംഗ് എന്നിവ കലാകാരന്മാരുടെ റോയൽറ്റി സംരക്ഷിക്കുമെന്ന് ഫിച്ച് റേറ്റിംഗ്‍സ് പറഞ്ഞു. പ്ലാറ്റ്‌ഫോമുകൾ എഐ ട്രാക്കുകൾ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ശുപാർശകളിൽ നിന്ന് അവ നീക്കം ചെയ്യുകയും മനുഷ്യ കലാകാരന്മാരുടെ സംഗീതത്തിന് മുൻഗണന നൽകുകയും ചെയ്‌താൽ, അത് ന്യായമായ പേയ്‌മെന്‍റുകൾ ഉറപ്പാക്കാനും ഒറിജനൽ ക്രിയേറ്റേഴ്‌സിന് ദൃശ്യപരത വര്‍ധിപ്പിക്കാനും സഹായിക്കും. എങ്കിലും, പ്ലാറ്റ്‌ഫോമുകൾ സ്വയം എഐ സംഗീതം സൃഷ്‌ടിക്കുകയും സ്വന്തമാക്കുകയും ചെയ്‌താൽ, ചെലവ് കുറയ്ക്കുന്നതിനൊപ്പം റോയൽറ്റിയിൽ നിന്ന് ലാഭം നേടാനും കഴിയും. ഇത് യഥാർഥ കലാകാരന്മാർക്ക് ഒരു പുതിയ വെല്ലുവിളി ഉയർത്തും.



