ഗാലക്‌സി എ03എസ്, ഗാലക്‌സി എ52എസ്, ഗാലക്‌സി എഫ്42 5ജി, ഗാലക്‌സി എം32 5ജി എന്നീ ഡിവൈസുകൾക്കുള്ള സോഫ്റ്റ്‌വെയർ പിന്തുണ സാംസങ് മൊബൈല്‍സ് അവസാനിപ്പിച്ചു. ഇനിയെന്ത് ചെയ്യും?
തിരുവനന്തപുരം: നിങ്ങൾ പഴയ സാംസങ് ഗാലക്‌സി ഫോണുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ അവ അപ്‌ഗ്രേഡ് ചെയ്യാനുള്ള സമയമായി. കമ്പനി അവരുടെ നാല് ജനപ്രിയ സ്‍മാർട്ട്‌ഫോണുകളായ ഗാലക്‌സി എ03എസ്, ഗാലക്‌സി എ52എസ്, ഗാലക്‌സി എഫ്42 5ജി, ഗാലക്‌സി എം32 5ജി എന്നീ ഡിവൈസുകൾക്കുള്ള സോഫ്റ്റ്‌വെയർ പിന്തുണ അവസാനിപ്പിച്ചു. ഇതിനർഥം ഈ ഫോണുകൾക്ക് ഇനി പുതിയ ഒഎസ് അപ്‌ഡേറ്റുകളോ സുരക്ഷാ പാച്ചുകളോ ലഭിക്കില്ല എന്നാണ്. സമീപ ആഴ്‌ചകളിൽ, സാംസങ് അതിന്‍റെ എല്ലാ പ്രധാന സീരീസുകളിലേക്കും ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. എസ്-സീരീസ്, എ-സീരീസ്, എം-സീരീസ് എന്നിവയിലെ ഏറ്റവും പുതിയ മോഡലുകൾക്ക് ഈ അപ്‌ഡേറ്റ് ഇന്ത്യയിൽ ലഭ്യമാണ്.
സോഫ്റ്റ്‌വെയര്‍ പിന്തുണ അവസാനിച്ചാല്‍ എന്ത് ചെയ്യും?
ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ പിന്തുണ അവസാനിച്ച നാല് സ്‌മാര്‍ട്ട്‌ഫോണുകളും 2021-ൽ പുറത്തിറക്കിയ ഫോണുകളാണ്. നാല് വർഷത്തേക്ക് അവയ്ക്ക് സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുമെന്ന് സാംസങ് വാഗ്‌ദാനം ചെയ്‌തു. കമ്പനി ആ വാഗ്‌ദാനം നിറവേറ്റുകയും ചെയ്‌തു. ഇപ്പോൾ ഈ ഫോണുകൾക്ക് 2025 സെപ്റ്റംബറിന് ശേഷം ഒരു അപ്‌ഡേറ്റും ലഭിക്കില്ല. അതിനാല്‍ ഭാവിയിൽ ഈ ഡിവൈസുകൾ സുരക്ഷാ ഭീഷണികൾക്കോ സൈബർ ആക്രമണങ്ങൾക്കോ വിധേയമായേക്കാം. നിങ്ങൾ ഗാലക്‌സി എ03എസ്, ഗാലക്‌സി എ52എസ്, ഗാലക്‌സി എഫ്42 5ജി, ഗാലക്‌സി എം32 5ജി എന്നീ ഫോണുകളിൽ ഏതെങ്കിലും ഉപയോഗിക്കുകയാണെങ്കിൽ ഇവ ഇപ്പോൾ അപ്‌ഗ്രേഡ് ചെയ്യുന്നതാണ് ബുദ്ധി. ഗാലക്‌സി എ07, ഗാലക്‌സി എഫ്56, ഗാലക്‌സി എം36 പോലുള്ള അടുത്ത തലമുറ പതിപ്പുകൾ ഇതിനകം ലഭ്യമാണ്. എ5 പരമ്പരയിലെ ഏറ്റവും പുതിയ മോഡൽ ഗാലക്‌സി എ56 ആണ്.
വൺ യുഐ 8 അപ്‌ഡേറ്റ് തുടങ്ങി
സാംസങ് ഇപ്പോൾ ഏറ്റവും പുതിയ വൺ യുഐ 8 അപ്‌ഡേറ്റ് പുറത്തിറക്കാൻ തുടങ്ങിയിരിക്കുന്നു. കമ്പനിയുടെ പ്രധാന ഗാലക്‌സി എസ്, സ്സെഡ്, എ, എം ഡവൈസുകളിലേക്ക് അപ്‌ഡേറ്റ് നിലവിൽ പുറത്തിറങ്ങുന്നുണ്ട്. ഗാലക്‌സി എസ്24, സ്സെഡ് ഫോൾഡ് 6 പോലുള്ള മുൻനിര സ്‍മാർട്ട്‌ഫോണുകൾക്ക് തുടക്കത്തിൽ അപ്‌ഡേറ്റ് ലഭിച്ചു. ഇപ്പോൾ ഇത് ക്രമേണ മിഡ്-റേഞ്ച് മോഡലുകളിലേക്ക് വികസിച്ചുകൊണ്ടിരിക്കുന്നു. നവംബർ അവസാനത്തോടെ അപ്‌ഡേറ്റ് മിക്കവാറും എല്ലാ പ്രധാന മോഡലുകളിലും എത്തും. വൺ യുഐ 8 ഉപയോഗിച്ച് സാംസങ് നിരവധി പുതിയ എഐ ഫീച്ചറുകൾ, മെച്ചപ്പെട്ട കസ്റ്റമൈസേഷൻ ഓപ്ഷനുകൾ, ബാറ്ററി പ്രകടന ട്യൂണിംഗ്, സിസ്റ്റം ലെവൽ സുരക്ഷയിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ തുടങ്ങിയവ അവതരിപ്പിച്ചു.



