എഐ രംഗത്ത് ശോഭിക്കുന്ന എഞ്ചിനീയര്‍മാരെ പിടിച്ചുനിര്‍ത്താന്‍ മെറ്റ അടക്കമുള്ള ടെക് കമ്പനികള്‍ നല്‍കുന്നത് വന്‍ ആനുകൂല്യങ്ങള്‍
കാലിഫോര്‍ണിയ: ഫേസ്‍ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ആർട്ടിഫിഷ്യൽ ഇന്‍റിലിജൻസ് വികസനത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എതിരാളികളെക്കാൾ മുന്നിലെത്താൻ മികച്ച പ്രതിഭകളെ ആകർഷിക്കാനും നിലനിർത്താനും കമ്പനി തങ്ങളുടെ എഐ എഞ്ചിനീയർമാർക്ക് വൻ ശമ്പളം വാഗ്‍ദാനം ചെയ്യുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ മെറ്റ എഐ റിസർച്ച് എഞ്ചിനീയർമാരുടെ ശമ്പളം സംബന്ധിച്ച ചില വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. മെറ്റയിലെ മികച്ച എഐ റിസർച്ച് എഞ്ചിനീയർമാര്‍ 440,000 ഡോളർ വരെ അടിസ്ഥാന ശമ്പളം വാങ്ങുന്നുണ്ടെന്ന് അടുത്തിടെ പുറത്തുവന്ന ഫെഡറൽ ഫയലിംഗ് ഡാറ്റകൾ വ്യക്തമാക്കുന്നു. നിലവിലെ വിനിമയ നിരക്കിൽ ഏകദേശം 3.76 കോടി ഇന്ത്യൻ രൂപയോളം വരും ഈ തുക.
എച്ച്-1ബി വിസ പ്രോഗ്രാമിനായി മെറ്റ സമർപ്പിച്ച രേഖകളിൽ നിന്നാണ് ഈ കണക്കുകൾ ലഭിച്ചിരിക്കുന്നത്. ബോണസുകൾ, ഇക്വിറ്റി ഗ്രാന്‍റുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ മാറ്റിനിര്‍ത്തിയാല്‍ ടെക് കമ്പനികൾ ജോലിക്കാർക്ക് എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഈ ഡാറ്റകൾ വെളിപ്പെടുത്തുന്നു. എച്ച്-1ബി വിസ ലോട്ടറി സംവിധാനം വഴി വിദേശ തൊഴിലാളികളെ നിയമിക്കുമ്പോൾ യുഎസ് തൊഴിൽ നിയമങ്ങൾ പ്രകാരം കമ്പനിക്ക് ഈ ഫയലിംഗുകൾ ആവശ്യമാണ്. ഈ സംവിധാനം പ്രതിവർഷം 85,000 സ്പെഷ്യലൈസ്‍ഡ് ജീവനക്കാരെ അമേരിക്കൻ തൊഴിൽ വിഭാഗത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നു.
അതേസമയം, മെറ്റ അതിന്‍റെ വിവിധ വകുപ്പുകളിലെ മികച്ച പ്രതിഭകൾക്ക് വൻ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ബിസിനസ് ഇൻസൈഡറിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. മെറ്റയിലെ എഐ റിസർച്ച് എഞ്ചിനീയർമാരുടെ ഉയർന്ന അടിസ്ഥാന ശമ്പളം 440,000 ഡോളർ ആണെങ്കിലും മറ്റ് ജോലികളുടെ ശമ്പള വിവരങ്ങൾ ഇതിൽ ലഭ്യമല്ല. മെഷീൻ ലേണിംഗ് എഞ്ചിനീയർമാരുടെ ശമ്പളം 165,000 ഡോളറിനും 440,000 ഡോളറിനും ഇടയിലാണെന്നും മുതിർന്ന റിസർച്ച് സയന്‍റിസ്റ്റുകളും ടെക് പ്രോഗ്രാം മാനേജർമാരും 230,000 ഡോളറിന് മുകളിൽ സമ്പാദിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ടെക് കമ്പനികളുടെ ശമ്പള ഘടനയിലെ ഒരു പ്രധാന ഭാഗമായ നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകൾ (RSU-കൾ) പോലുള്ള അധിക ആനുകൂല്യങ്ങൾ ഈ കണക്കുകളിൽ ഉൾപ്പെടുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
മെറ്റയില്‍ ഡാറ്റാ സയൻസ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഉയർന്ന പാക്കേജുകൾ ലഭിക്കുന്നതായി ഫയലിംഗ് വ്യക്തമാക്കുന്നു. മെറ്റയിലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് അടിസ്ഥാന ശമ്പളമായി 480,000 ഡോളർ വരെ നേടാൻ കഴിയും. അതേസമയം ഡാറ്റാ സയൻസ് മാനേജർമാരും ഡയറക്ടർമാർ 248,000 ഡോളറിനും 320,000 ഡോളറിനും ഇടയിൽ സമ്പാദിക്കുന്നു. പ്രൊഡക്ട് മാനേജർമാർ, ഡിസൈനർമാർ, യൂസർ എക്സ്‍പീരിയൻസ് റിസർച്ചേഴ്സ് തുടങ്ങിയവർക്കും ആറക്ക അടിസ്ഥാന ശമ്പളം ലഭിക്കുന്നു.
എന്നാൽ ടെക് പ്രതിഭകൾക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന കാര്യത്തിൽ മെറ്റ ഒറ്റയ്ക്കല്ല. മറ്റ് ടെക് കമ്പനികളും തങ്ങളുടെ എഐ പ്രോജക്ടുകളിൽ പ്രവർത്തിക്കുമ്പോൾ തന്നെ മിടുക്കരായ ടെക്കികളെ ഉറപ്പാക്കാൻ ഉയർന്ന ശമ്പള സ്കെയിൽ നൽകുന്നു. മുൻ ഓപ്പൺ എഐ സിടിഒ മീര മുരാതി ആരംഭിച്ച സ്റ്റെൽത്ത് സ്റ്റാർട്ടപ്പായ തിങ്കിംഗ് മെഷീൻ ലാബ് ഇതിനൊരു ഉദാഹരണമാണ്. ഇതുവരെ ഒരു ഉൽപ്പന്നം പോലും പുറത്തിറക്കിയിട്ടില്ലെങ്കിലും തിങ്കിംഗ് മെഷീൻ ലാബ് തങ്ങളുടെ ടെക് വിഭാഗം ജീവനക്കാർക്ക് 500,000 ഡോളർ വരെ അടിസ്ഥാന ശമ്പളം വാഗ്‍ദാനം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.