ലോകത്ത് ഏറ്റവുമധികം ചര്‍ച്ചയായിരിക്കുന്ന എഐ സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് പെര്‍പ്ലെക്‌സിറ്റി, എഐ അധിഷ്‌ഠിത സെര്‍ച്ച് എഞ്ചിനാണിത്
തിരുവനന്തപുരം: ഭാരതി എയര്‍ടെല്ലിന്‍റെ രാജ്യത്തെ 360 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ടെക് ലോകത്ത് തരംഗമായിരിക്കുന്ന എഐ സെര്‍ച്ച് എഞ്ചിനായ പെര്‍പ്ലെക്‌സിറ്റി പ്രോ ഒരു വര്‍ഷക്കാലം എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും സൗജന്യമായി ഉപയോഗിക്കാം. പെര്‍പ്ലെക്‌സിറ്റിയുമായി സഹകരിച്ച് എയര്‍ടെല്‍ 12 മാസത്തേക്ക് 17,000 രൂപ വിലയുള്ള സബ്‌സ്‌ക്രിപ്ഷനാണ് ഉപഭോക്താക്കള്‍ക്ക് ഫ്രീയായി നല്‍കുന്നത്.
ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് തത്സമയവും കൃത്യവും ആഴത്തില്‍ ഗവേഷണം ചെയ്തതുമായ പ്രതികരണങ്ങള്‍ നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്‌ഠിത സെര്‍ച്ച് എഞ്ചിനാണ് പെര്‍പ്ലെക്‌സിറ്റി. ഈ പെര്‍പ്ലെക്‌സിറ്റിയുടെ പ്രോ സബ്‌സ്‌ക്രിപ്ഷനാണ് ഇപ്പോള്‍ എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും (മൊബൈല്‍, വൈ-ഫൈ, ഡിടിഎച്ച്) ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കുന്നത്. പെര്‍പ്ലെക്‌സിറ്റി ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ടെലികോം കമ്പനിയുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നത്. എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ ലോഗിന്‍ ചെയ്ത് എല്ലാ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കും ഈ ഓഫര്‍ ഒരു വര്‍ഷക്കാലം ഉപയോഗിക്കാം.
ഉപയോക്താവിന് ദിവസവും കൂടുതല്‍ പ്രോ സെര്‍ച്ചുകള്‍ നടത്താനും നൂതന എഐ മോഡലുകളിലേക്കുള്ള ലഭ്യത, നിര്‍ദ്ദിഷ്ട മോഡലുകള്‍, ആഴത്തിലുള്ള ഗവേഷണം, ഇമേജ് ജനറേഷന്‍, ഫയല്‍ അപ്ലോഡുകള്‍, വിശകലനം, പെര്‍പ്ലക്‌സിറ്റി ലാബുകള്‍ എന്നിവ തിരഞ്ഞെടുക്കാനുമുള്ള സൗകര്യങ്ങള്‍ പെര്‍പ്ലക്‌സിറ്റി പ്രോയില്‍ ഉള്‍പ്പെടുന്നു. ലോകത്തെ വമ്പന്‍ കമ്പനികള്‍ ഏറ്റെടുക്കാന്‍ ലക്ഷ്യമിടുന്ന പെർപ്ലെക്സിറ്റി എഐയുടെ സഹസ്ഥാപകനും സിഇഒയും ഇന്ത്യക്കാരനായ അരവിന്ദ് ശ്രീനിവാസ് ആണ്.

